നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിഷു ദിവസം വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട നടത്തി. വിദേശത്തുനിന്നെത്തിയ യുവതിയിൽനിന്നും 35.70 ലക്ഷം രൂപ വിലയുള്ള കഞ്ചാവാണ് പിടികൂടിയത്.
1190 ഗ്രാം കഞ്ചാവ് ചെക്ക് ഇൻ ബാഗിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഗ്രീൻ ചാനലിലൂടെ പോകാൻ ശ്രമിച്ച ബാഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കഞ്ചാവ് കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിയായ തുളസി എന്ന യുവതിയാണ് കഞ്ചാവുമായി പിടിയിലായത്. ഇവർ ബാങ്കോക്കിൽനിന്നും തായി ലയൺ എയർവേസ് ഫ്ലൈറ്റിലാണ് കൊച്ചിയിൽ വന്നിറങ്ങിയത്.
വിശദമായ പരിശോധന ഒഴിവാക്കി പുറത്തേക്ക് പോകാനൊരുങ്ങിയ ഇവരെ ഇന്റലിജൻസ് വിഭാഗം ബാഗേജ് കസ്റ്റഡിയിൽ എടുത്ത് പരിശോധന നടത്തുകയായിരുന്നു.
യാത്രക്കാരിയായ യുവതിയെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പിടിക്കപ്പെട്ട യുവതി കാരിയർ മാത്രമാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ നിഗമനം.
ഇവർ ഇതിനുമുൻപും പലവട്ടം കള്ളക്കടത്ത് നടത്തിയിട്ടുള്ളതായി അറിയുന്നു. ഇന്ത്യൻ കസ്റ്റംസ് ആക്റ്റ് അനുസരിച്ച് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.