കണ്ണൂർ വിമാനത്താവള ഉദ്ഘാടനം;  ഉമ്മൻ ചാണ്ടിക്കും വി.എസിനും ക്ഷണമില്ലാത്തത് അല്പത്തമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും ക്ഷണിക്കാത്തത് ഇടതു സർക്കാരിന്‍റെ അല്പത്തരം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

വിമാനത്താവളത്തിന്‍റെ 90 ശതമാനം ജോലിയും പൂർത്തിയാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്തായിരുന്നു. മുൻ മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായിരുന്നു മര്യാദ. അമിത് ഷാ വന്നിറങ്ങി ഒരിക്കൽ ഉദ്ഘാടനം നടത്തിയതല്ലേ എന്നും ഇനിയെന്തിനാണ് വേറൊരു ഉദ്ഘാടനമെന്നും അദ്ദേഹം ചോദിച്ചു.

ഉദ്ഘാടന ചടങ്ങിൽ നിന്നും യുഡിഎഫ് നേതാക്കൾ വിട്ടുനിൽക്കും. ചടങ്ങ് ബഹിഷ്കരിക്കുകയല്ലെന്നും പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചുവെന്നേ കരുതേണ്ടതുള്ളൂ എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Related posts