കണ്ണൂർ: പാനൂരിൽ സമൂഹ മാധ്യമങ്ങൾ വഴി ഇടത് സൈബർ വിംഗ് അക്രമം അഴിച്ച് വിട്ടിട്ടും നടപടി എടുക്കാതെ പോലീസ്. പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്ന് നിരന്തരം സോഷ്യൽ മീഡിയ വഴി ഭീഷണി മുഴക്കുകയാണ്. ഇതിനെതിരേ ഇതുവരെയും യാതൊരു നടപടിയും പോലീസ് എടുത്തിട്ടില്ല എന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
നൂഞ്ഞമ്പ്രം സഖാക്കൾ, മുളിയാത്തോട് സഖാക്കൾ, പാനൂർ സഖാക്കൾ, കുറുക്കൂട്ടി സഖാക്കൾ, മുണ്ടയോട്ട് കാവ് സഖാക്കൾ,ആയിത്തറ സഖാക്കൾ തുടങ്ങിയ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് കൊലവിളി തുടരുന്നത്.
പാറാട്ടെ സിപിഎം സ്തൂപം തകർത്തതിന് അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകരുടെ ഫോട്ടോ ഈ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നു. ‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’, ‘പാനൂർ സഖാക്കൾ പാനൂർ വിട്ട് കാശിക്കൊന്നും പോയിട്ടില്ല. ഞങ്ങൾ ഇവിടെ തന്നെയുണ്ട്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ.
