കോട്ടയം: കഞ്ചാവിന്റെ സത്ത് ചേർത്തുനിർമിച്ച ലഹരി മിഠായികൾ പതിവായി കഴിച്ചിരുന്ന വിദ്യാർത്ഥികൾ എക്സൈസ് പിടിയിൽ. 14, 15, 16 വയസ്സ് പ്രായമുള്ള ഒൻപത് വിദ്യാർത്ഥികളാണ് വിവിധ കേസുകളിലായി പിടിയിലായത്. മൂന്ന് മാസം നീണ്ട രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഈ സംഘത്തെ പിടികൂടാൻ കഴിഞ്ഞത്. വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായി കഞ്ചാവ് മിഠായികളും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് ഇവരെയെല്ലാം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.
മൂന്ന് മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിംഗ് എന്നയാളിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ 194 ഗ്രാം കഞ്ചാവ് മിഠായി എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. തുടർന്ന് ഈ മിഠായികൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവയിൽ കഞ്ചാവിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
തുടർന്ന് പ്രതിയായ ഋഷികേശിനെ കണ്ടെത്താൻ എക്സൈസ് ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ, പ്രതിയുടെ ഫോൺ കോളുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥികളാണ് ഇയാളെ കൂടുതലായി ബന്ധപ്പെട്ടിരുന്നതെന്ന് വ്യക്തമായത്.
40 മിഠായികൾ അടങ്ങിയ ഒരു പായ്ക്കറ്റിന് 200 രൂപയാണ് ഈടാക്കിയിരുന്നത്. ഓരോ മിഠായിക്കും അഞ്ച് ഗ്രാം വീതമാണ് ഭാരം വരുന്നത്. കൈപ്പും മധുരവും കലർന്ന പ്രത്യേക രുചിയാണ് ഈ ലഹരി മിഠായികൾക്കുള്ളത്.
കോട്ടയം ജില്ലയിൽ നിന്നുമാത്രം വിദ്യാർഥികളിൽ നിന്ന് ആകെ 974 ഗ്രാം കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പിടിയിലായ 15 വയസ്സുകാരനായ വിദ്യാർത്ഥിയോട് മിഠായിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് കഴിച്ചാൽ നിർത്താതെ ചിരിക്കാൻ കഴിയുമെന്നായിരുന്നു വിചിത്രമായ മറുപടി. എന്നാൽ, ഇത് കുട്ടികളിൽ കടുത്ത വിഷാദരോഗങ്ങൾ ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി.
ചില ദിവസങ്ങൾക്ക് മുന്പ് കോട്ടയത്തെ ഒരു കോളജിൽ നിന്ന് പോകാനിരുന്ന വിനോദയാത്ര അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത് ഈ മിഠായികൾ മൂലമാണ്. യാത്രാവേളയിൽ ഒരു വിദ്യാർഥി കുഴഞ്ഞുവീണതിനെ തുടർന്ന് കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ കഞ്ചാവ് മിഠായി കഴിച്ച വിവരം പുറത്തറിയുന്നത്.
ഉടൻതന്നെ അധികൃതർ വിവരം എക്സൈസ് വകുപ്പിനെ അറിയിക്കുകയും വിദ്യാർഥികളുടെ പക്കൽ നിന്ന് മിഠായികൾ പിടിച്ചെടുക്കുകയും ചെയ്തു. അതിഥിത്തൊഴിലാളിയിൽ നിന്നാണ് തങ്ങൾക്ക് ഈ മിഠായികൾ ലഭിച്ചതെന്നാണ് കുട്ടികൾ മൊഴി നൽകിയത്. ഈ സംഭവത്തെ തുടർന്ന് കോളജിലെ വിനോദയാത്ര പൂർണ്ണമായി റദ്ദാക്കി വിദ്യാർഥികളെ തിരിച്ചെത്തിക്കുകയായിരുന്നു
