പാവക്കുട്ടികൾ സോഷ്യൽ മീഡിയ കീഴടക്കുന്നൊരു കാലമാണിപ്പോൾ. ലെബുബു പാവകളും ആർട്ടിക്കുലേറ്റഡ് ഡ്രാഗണുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയി മാറിയിരുന്നു. അതിനു പുറമേ പുതിയതായി വന്നിരിക്കുകയാണ് മുയു എന്ന പാവക്കുട്ടി. ചൈനീസ് ബ്രാൻഡ് ‘പോപ്പ് മാർട്ട്’ പുറത്തിറക്കിയ പുതിയ പരമ്പരയാണ് മുയു തരംഗത്തിന് പിന്നിൽ.
തടിയിൽ തീർത്ത ഒരു വാദ്യോപകരണമാണ് മുയു. മരത്തിൽ നിർമ്മിച്ച, മീനിന്റെ ആകൃതിയുള്ള പരമ്പരാഗത ഉപകരണമാണിത്. ഇപ്പോൾ ഇത് ഡിജിറ്റൽ രൂപത്തിലും ലഭ്യമാണ്. ബുദ്ധസന്യാസിമാർ മന്ത്രങ്ങൾ ഉരുവിടുമ്പോൾ താളം പിടിക്കുന്നതിനു വേണ്ടീട്ടാണ് ഇത് ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ ഉറങ്ങുമ്പോഴും കണ്ണുകൾ അടയ്ക്കാറില്ല അതുപോലെ സന്യാസിമാർ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന അർഥത്തിലാണ് മുയുവിന് മത്സ്യരൂപം നൽകിയിരിക്കുന്നത്.
മുയു ഒരേ താളത്തിൽ തട്ടി ശബ്ദമുണ്ടാക്കി ധ്യാനത്തിനും സമാധാനത്തിനും സഹായിക്കുന്നു. ജോലിയുടെയും ജീവിതത്തിന്റേയും സമ്മർദ്ദം കുറയ്ക്കാൻ ചൈനയിലെ യുവാക്കളെ മുയു സഹായിക്കുന്നു. അതോടെ ലോകമെന്പാടും മുയു ഇപ്പോൾ ട്രെന്റിംഗ് ആയി മാറി.
