തിരുവനന്തപുരം: കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് അവസാന റൗണ്ടില്‍ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തീവ്ര പരിശ്രമത്തിലാണ്. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മൂന്ന് മുന്നണികളും അവകാശവാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്.
പോളിംഗ് ബൂത്തുകളിലേക്കു കൊണ്ടുപോകേണ്ട സാധനസാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ ആരംഭിച്ചു. ഒരു മാസത്തെ പ്രചാരണത്തിനുശേഷം സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് പോകവെ വാശിയേറിയ പോരാട്ടവും വാക് പോരുകളും സംഘര്‍ഷങ്ങളും വിവിധ സ്ഥലങ്ങളില്‍ തുടരുന്നുണ്ട്.
സംസ്ഥാനത്തെ 140 നിയോജകണ്ഡലങ്ങളിലെ സീറ്റുകളിലേക്കാണ് നാളെ ജനം വിധിയെഴുതുന്നത്. കേരളം ആര് ഭരിക്കണമെന്ന സുപ്രധാന തെരഞ്ഞെടുപ്പാണു നടക്കുന്നത്.30,495 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 2,040 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളാണ്. ഇവിടങ്ങളില്‍ സിസിടിവി കാമറ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. 2.71 വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളുടെ ജനവിധി നിര്‍ണയിക്കുന്നത്.
ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പോലീസ് സംവിധാനമാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.76,000 ല്‍പ്പരം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. ഇതില്‍ 160 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പോലീസും ഉണ്ട്. 883 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്.
നാളെ രാവിലെ ഏഴ് മണിമുതലാണ് പോളിംഗ്്് ആരംഭിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് പോളിംഗ് അവസാനിക്കും. ആറ് മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്കി വോട്ട് ചെയ്യാന്‍ അനുവദിക്കും.വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍ ഐഡി കാര്‍ഡിന് പുറമെ പന്ത്രണ്ട് രേഖകള്‍ കൂടി അനുവദിച്ചിട്ടുണ്ട്.
