കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനവാസ മേഖലയില്‍ നിന്ന് സര്‍പ്പ വോളന്റിയര്‍മാര്‍ പിടികൂടിയത് 76,000 പാമ്പുകളെ. 2021 ജൂണ്‍ മുതല്‍ 2026 ഏപില്‍ 15 വരെയുള്ള വനംവകുപ്പിന്റെ കണക്കാണിത്.
പരിശീലനം സിദ്ധിച്ച അംഗീകൃത സ്നേക്ക് റെസ്ക്യുവര്‍മാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയില്‍ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയില്‍ വിടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2020 ഓഗസ്റ്റിലാണ് നടപ്പിലാക്കിയത്. സര്‍പ്പ (സ്നേക് അവേര്‍നസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്പ്) വഴി പ്രവര്‍ത്തിക്കുന്ന സര്‍പ്പ വോളന്റിയര്‍മാര്‍ പിടികൂടിയ പാമ്പുകളുടെ കണക്കുമാത്രമാണിത്.
പിടികൂടിയവയില്‍ 28,116 എണ്ണം മൂര്‍ഖന്‍ പാമ്പുകളാണ്. 18,562 മലമ്പാമ്പുകളെയും 3,507 അണലികളെയും 517 രാജവെമ്പാലകളെയും 729 വെള്ളിക്കെട്ടനേയും ഇക്കാലയളവില്‍ ജനവാസമേഖലയില്‍ നിന്ന് പിടികൂടുകയുണ്ടായി. 11,209 ചേരപ്പാമ്പുകളെയും ഇതിലൊന്നുംപെടാത്ത 12,000 എണ്ണം വിഷമില്ലാത്ത പാമ്പുകളെയും പിടികൂടി.
സംസ്ഥാനത്താകെ പരിശീലനം ലഭിച്ച 3,600 സര്‍പ്പ വോളന്റിയര്‍മാരാണുള്ളത്. ഇതില്‍ 400 പേര് വനിതകളാണ്. പാമ്പു കടിയില്‍ നിന്ന് എങ്ങനെ രക്ഷനേടാം, കടിയേറ്റാല്‍ ചെയ്യേണ്ട കാര്യം തുടങ്ങിയവയെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയാണിവര്‍. 24 മണിക്കൂര്‍ സേവനം ലഭ്യമാണ്. സര്‍പ്പ വോളന്റിയര്‍മാരുടെ സേവനം ലഭ്യമായതോടെ പാമ്പുകടിയേറ്റുളള മരണങ്ങള് ഒരുപരിധിവരെ കുറയ്ക്കാനായിട്ടുണ്ട്. 120ലധികം ഇനത്തിലുള്ള പാമ്പുകളുള്ള കേരളത്തില്‍ പത്തോളം ഇനങ്ങള്‍ക്ക് അപകടകരമായ വിഷമുണ്ട്.
ഈ വര്‍ഷം ഇതുവരെ പാമ്പുകടിയേറ്റുള്ള ഏഴു മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് വനം വകുപ്പ് അസി. കണ്‍സര്‍വേറ്ററും സര്‍പ്പ പ്രോജക്ട് നോഡല്‍ ഓഫിസറുമായ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.
സീമ മോഹന്‍ലാല്‍
