ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ. കേരളം… കേരളം… എന്ന് വിളിച്ചാണ് കേരളത്തിൽ നിന്നുള്ള എംപിമാർ ബജറ്റ് പ്രസംഗത്തിനിടെ പ്രതിഷേധിച്ചത്.
കേരളത്തെ അതിവേഗ റെയിൽപാത പദ്ധതിയിൽ പരിഗണിക്കാത്തതും 12പുതിയ ജലപാതകളിൽ സംസ്ഥാനത്തെ ഉൾപ്പെടുത്താതുമാണ് പ്രതിഷേധത്തിന് കാരണമായത്. ആകെ ധാതു ഇടനാഴി പദ്ധതി മാത്രമാണ് കേരളത്തെ ഉൾപ്പെടുത്തി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയാണ് റെയർ എർത്ത് മൈനിംഗിനായി പ്രത്യേക ഇടനാഴി പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്.
അപൂർവ ധാതുക്കളുടെ ഖനനം, സംസ്കരണം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ഇത് ഈ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലയ്ക്ക് വലിയ കരുത്താകും.
