ന്യൂഡൽഹി: കേരളത്തിനും തമിഴ്നാടിനും നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ റെയർ എർത്ത് മൈനിംഗിനായി പ്രത്യേക ഇടനാഴി പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്.
അപൂർവ ധാതുക്കളുടെ ഖനനം, സംസ്കരണം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ഇത് ഈ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലയ്ക്ക് വലിയ കരുത്താകും.
സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഉത്പാദന മേഖലയെ ശക്തിപ്പെടുത്തി ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുകയാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
