കെവിന്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായവര്‍ക്ക് വ്യക്തമായ നിയമോപദേശം ലഭിച്ചു ? പ്രതികള്‍ നല്‍കുന്ന മൊഴി പഠിച്ചു പറയുന്നതു പോലെ; പ്രതികളുടെ മൊഴി ഇങ്ങനെ…

കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും വ്യക്തമായ നിയമോപദേശം ലഭിച്ചതായി സൂചന. പഠിച്ചു പറയുന്നതു പോലുള്ള പ്രതികളുടെ മൊഴിയാണു പോലീസില്‍ സംശയം ജനിപ്പിക്കുന്നത്.

തട്ടിക്കൊണ്ടുപോയ കെവിനെ തെന്മലയില്‍ വാഹനത്തില്‍നിന്നു പുറത്തിറക്കുന്നതിനിടെ കുതറിഓടുകയായിരുന്നുവെന്നാണു അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. കെവിന്റെ സുഹൃത്ത് അനീഷിന്റെ മൊഴിയും പ്രതികളുടെ മൊഴിയും ഒത്തു പോകാത്തതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

ഒന്നിലേറെപേര്‍ രണ്ടു മണിക്കൂറിലേറെ ക്രൂരമായി മര്‍ദിച്ച യുവാവ് സംഘത്തിന്റെ പിടിയില്‍ നിന്നു കുതറിയോടിയെന്ന മൊഴി പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല. അബോധാവസ്ഥയിലുള്ള ഒരാളെ അല്‍പനേരം വെള്ളത്തില്‍ മുക്കിപ്പിടിച്ചാലും മുങ്ങിമരണം എന്ന റിപ്പോര്‍ട്ടേ ലഭിക്കു.

അതിനാല്‍ സാധ്യത കൂടുതല്‍ അതാവുമെന്ന നിഗമനവുമുണ്ട്. നിലവിലെ രീതിയില്‍ അന്വേഷണ റിപ്പോര്‍ട്ടുമായി കോടതിയെ സമീപിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതായും പോലീസ് കരുതുന്നു.

കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് മേല്‍ക്കോടതിയെ സമീപിക്കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഈ രണ്ടു പോലീസുകാരെ അറസ്റ്റു ചെയ്തത്.

ജാമ്യം റദ്ദാക്കാന്‍ കേസ് അന്വേഷിക്കാന്‍ ചങ്ങനാശേരി ഡിെവെ.എസ്.പി. ശ്രീകുമാര്‍ കോടതിയെ സമീപിച്ചേക്കും. ഗാന്ധിനഗര്‍ എസ്.ഐ. എം.എസ്.ഷിബു, എ.എസ്.ഐ. ടി.എം. ബിജു, പോലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരേയാണ് പിരിച്ചുവിടല്‍ അടക്കമുളള കടുത്ത നടപടികള്‍ സര്‍ക്കാര്‍ അലോചിക്കുന്നത്.

കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, അറസ്റ്റിലായ പോലീസുകാര്‍ക്കെതിരേ കടുത്തനടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാനുളള തീരുമാനം എടുത്തതോടെയാണ് ജാമ്യം റദ്ദാക്കാനുളള നീക്കം.

മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നും ജാമ്യം ലഭിച്ച ഇവര്‍ക്കെതിരേ പിരിച്ചുവിടല്‍ പോലെയുളള നടപടികള്‍ സ്വീകരിച്ചാല്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടാനുളള സാധ്യതയുമുണ്ട്.

Related posts