ഉദ്ഘാടനം നടത്തി ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം മെട്രോ യാത്രക്കാര്‍ക്കു സ്വന്തമാവും; സര്‍വീസ് രാവിലെ ആറു മുതല്‍ പത്തുവരെ; കൊച്ചി മെട്രോ കാത്തു വച്ചിരിക്കുന്നത് വിസ്മയങ്ങള്‍ ഇവയാണ്

KOCHI600കൊച്ചി: കൊച്ചി മെട്രോ ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ കുറിക്കപ്പെടുന്നത് പുതുചരിതം. ജൂണ്‍ 19 തിങ്കള്‍ മുതലാണ് മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. മെട്രോയില്‍ കയറാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. രാവിലെ ആറുമുതല്‍ രാത്രി 10 മണിവരെയാണ് മെട്രോ സര്‍വ്വീസ് നടത്തുക.തിരക്കു കാരണം യാത്രക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ കൊച്ചി വണ്‍ കാര്‍ഡ് വിതരണം ചെയ്യില്ലെന്നും യാത്രക്കായി ക്യു ആര്‍ ഉപയോഗിച്ച കാര്‍ഡ് ആണ് ആദ്യഘട്ടത്തില്‍ നല്‍കുകയെന്നും കെഎംആര്‍എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വേദിയിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മെട്രോമാന്‍ ഇ ശ്രീധരനെ ഒഴിവാക്കിയത് വിവാദമായിരുന്നു. പ്രധാനമന്ത്രി, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് വേദിയിലുണ്ടാവുക. ഭിന്നശേഷിക്കാര്‍ക്കായി ഞായറാഴ്ച പ്രത്യേക സര്‍വ്വീസ് ഉണ്ടായിരിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ 4000ലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ആലുവ-പാലാരിവട്ടം മെട്രോ ഇടനാഴിയില്‍ നാല് ട്രെയിനുകളാണ് ട്രയല്‍ സര്‍വീസ് നടത്തുന്നത്.
Kochi1-1
പത്തു രൂപയാണ് കുറഞ്ഞ യാത്രാനിരക്ക്.ആലുവ മുതല്‍ കമ്പനിപ്പടി വരെയുള്ള നിരക്ക് നിശ്ചയിച്ചിരിക്കുന്നത് 20 രൂപയായാണ്. തുടര്‍ന്ന് കളമശ്ശേരി, ഇടപ്പള്ളി എന്നിവടങ്ങളിലേക്ക് യഥാക്രമം 30 രൂപ, 40 രൂപ എന്നിങ്ങനെയാണ് പ്രാഥമിക നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 65 രൂപയാണ് 25 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പേട്ടയിലേക്കുള്ള കൊച്ചി മെട്രോ നിരക്ക്. മാത്രമല്ല, പ്രീപെയ്ഡ് കാര്‍ഡ് ഉടമസ്ഥരായ സ്ഥിരം യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ ഓഫര്‍ ഡിസ്കൗണ്ടുകള്‍ നല്‍കും. കൊച്ചി-വണ്‍  എന്ന പേരിലുള്ള സ്മാര്‍ട് കാര്‍ഡുകളും സ്ഥിരം യാത്രക്കാര്‍ക്കായി കെഎംആര്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്.

കൊച്ചി മെട്രോയിലെ യാത്രയ്ക്കായി തയ്യാറാക്കിയിരിക്കുന്നത് ശരിക്കുമൊരു സ്മാര്‍ട്ട് കാര്‍ഡ് തന്നെയാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു (കെ.എം.ആര്‍.എല്‍.) വേണ്ടി ആക്‌സിസ് ബാങ്കാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം തന്നെ കാര്‍ഡ് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.’കൊച്ചി വണ്‍ കാര്‍ഡ്’ എന്നാണ് മെട്രോ സ്മാര്‍ട്ട് ടിക്കറ്റ് അറിയപ്പെടുക. കൊച്ചി വണ്‍ എന്ന സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി കാര്‍ഡിന് അനുബന്ധമായി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് കൊച്ചി വണ്‍ ആപ്ലിക്കേഷന്‍.

ഇതുപയോഗിച്ച് ടിക്കറ്റ് ബുക്കു ചെയ്യാനും ട്രെയിന്റ സമയം അറിയാനുമെല്ലാം കഴിയും. മെട്രോ സ്‌റ്റേഷനുകളില്‍ നിന്നുള്ള തുടര്‍യാത്രാ സംവിധാനങ്ങള്‍, സ്‌റ്റേഷനുകള്‍ക്കു സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാര വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഈ ആപ്ലിക്കേഷന്‍ വഴി അറിയാം. വ്യത്യസ്തമായ മറ്റൊന്ന് സ്‌റ്റേഷനുകളോട് അനുബന്ധിച്ചുള്ള വ്യാപാര സ്ഥാപനങ്ങളിലും മറ്റും വിലക്കുറവു പോലുള്ള ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ ആപ് അതിനെക്കുറിച്ചും വിവരം നല്‍കും എന്നതാണ്. ഒട്ടേറെ ആനുകൂല്യങ്ങളും കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്.
1
ഈ കാര്‍ഡുപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം നിശ്ചിത ശതമാനം വിലക്കുറവ് ലഭ്യമാക്കുന്നത് ഉള്‍പ്പെടെയാണ് പദ്ധതികള്‍. ഇതിനായി വിവിധ വ്യാപാര സ്ഥാപനങ്ങളുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചും കൊച്ചി വണ്‍ കാര്‍ഡിനെ ഉപയോഗിക്കാം. അക്കൗണ്ടുമായി ബന്ധിപ്പിക്കാതെയും കാര്‍ഡുപയോഗിക്കാം. അതായത് മൊബൈല്‍ ചാര്‍ജു ചെയ്യുന്നതുപോലെ ഈ കാര്‍ഡിലേക്കും യാത്രയ്ക്ക് ആവശ്യമായ പണമിടാനാകും. മെട്രോയുമായി ബന്ധപ്പെട്ട എല്ലാ യാത്രാ സംവിധാനങ്ങളിലും ഈ കാര്‍ഡ് ഉപയോഗിക്കാം. കൊച്ചിയില്‍ ഒരു പുതിയ സംസ്കാരത്തിന് തുടക്കമിടുകയാണ് മെട്രോ എന്ന് നിസംശയം പറയാനാവും.

Related posts