കൊച്ചി: 77-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ അഭിമാനമായി കൊച്ചിയുടെ സ്വന്തം വാട്ടര്‍ മെട്രോ. 26 ന് കര്‍ത്തവ്യപഥില്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സൈനിക ശക്തിയും സാങ്കേതിക പുരോഗതിയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ അഭിമാന പ്രതീകമായി വാട്ടര്‍ മെട്രോയും ഇടം നേടും.
കേരളത്തിന്റെ നിശ്ചലദൃശ്യത്തിലെ ട്രെയ്ലര് യൂണിറ്റിലാണ് ടെര്‍മിനലോടുകൂടിയ പൂര്‍ണ വലുപ്പത്തിലുള്ള വാട്ടര്‍ മെട്രോ ബോട്ട് പുന:സൃഷ്ടിച്ചിരിക്കുന്നത്. കായലിനോട് ചേര്‍ന്നുകിടക്കുന്ന പത്ത് ദ്വീപുകളിലെ ജനങ്ങള്‍ക്ക് സുഗമമായ യാത്രയൊരുക്കുന്ന ഈ പദ്ധതി, പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ മാതൃകയായാണ് അവതരിപ്പിച്ചിട്ടുള്ളത്. വാട്ടര്‍ മെട്രോയ്ക്ക് പുറമെ, സമൂഹത്തിന്റെ നാനാതുറകളിലുള്ള യാത്രക്കാരെയും, കേരളത്തിന്റെ ശുചിത്വ പരിപാലനത്തില്‍ കരുത്തായി നിലകൊള്ളുന്ന ഹരിതകര്‍മ്മ സേനയെയും ഈ യൂണിറ്റില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും നിശ്ചലദൃശ്യത്തിന്റെ ഭാഗമാണ്. 1996 മുതല്‍ പതിനാലാം തവണയാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഇടം നേടുന്നത്. വിവിധ സംസ്ഥാനങ്ങള്‍ ഒരുക്കുന്ന 17 നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പം മന്ത്രാലയങ്ങളുടെ 13 ഫ്ലോട്ടുകളും ചേര്‍ന്ന് മൊത്തം മുപ്പത് ഫ്ലോട്ടുകള്‍ കര്‍ത്തവ്യപഥില്‍ അണിനിരക്കും.
