മേലനങ്ങാതെ തിന്നും കുടിച്ചും കഴിയാമെങ്കില്‍ പിന്നെ എന്തിനു പരോള്‍ ! കൊടി സുനി പരോള്‍ വേണ്ടെന്നു വച്ച് ജയിലില്‍ കഴിയാനുള്ള കാരണങ്ങള്‍ നിരവധി…

ടിപി വധക്കേസിലെ പ്രതി കൊടിസുനി നടത്തിയ ഫോണ്‍വിളികളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റഷീദ് എന്ന തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ഗുണ്ടകളെക്കുറിച്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന്റെ ചുവടുപിടിച്ചാണ് കൊടി സുനിയുടെ ഫോണ്‍വിളികളെക്കുറിച്ചും അന്വേഷണം.

ജയില്‍ മേധാവിയുടെ ഇതിനായുള്ള കത്ത് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചേക്കും എന്നാണ് വിവരം.സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് ജയില്‍ മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നടപടി.

തടവുകാരുടെ ഫോണ്‍വിളി ജയില്‍ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലായിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ടിപി കേസില്‍ കൊടി സുനി ഒഴികെയുള്ള പ്രതികളെല്ലാം പരോളിലാണ്. കോവിഡ് പരോളിന് കൊടി സുനിക്ക് താല്‍പ്പര്യവുമില്ല.

പുറത്തിറങ്ങാതെ ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നോക്കുന്നതിനോടാണ് താല്‍പ്പര്യം. പരോളില്‍ ഇറങ്ങിയ സമയത്തുണ്ടായ സ്വര്‍ണ്ണ കടത്ത് കേസായിരുന്നു കൊടി സുനി ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് സൂചന.

നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന കൊടിസുനിയെ രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ വിയ്യൂരിലേക്ക് മാറ്റി.

കൊടി സുനിയെ വിയ്യൂരില്‍ കൊണ്ടു പോകരുതെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും തള്ളിയിരുന്നു. ഇതിന് ശേഷമാണ് വിയ്യൂരിലെ ഫോണ്‍ വിളിയില്‍ സംശയവും ചര്‍ച്ചയും തുടങ്ങിയത്.

ഇത്തരത്തില്‍ ഫോണ്‍ വിളിക്കുന്ന തടവുകാര്‍ക്കും ഇവര്‍ക്കു വേണ്ട ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ജയില്‍ ഡിജിപിയോട് പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ കത്ത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ കുപ്രസിദ്ധ തടവുകാരന്‍ റഷീദ് മൊബൈല്‍ ഫോണ്‍ വഴി ഒരു മാസത്തിനിടെ പുറത്തുള്ള 223 പേരുടെ മൊബൈല്‍ നമ്പറുകളിലേക്കു 1346 കോളുകളാണു നടത്തിയത്.

ഇതേ സിംകാര്‍ഡ് ഉപയോഗിച്ച് അഞ്ചു ഫോണുകളില്‍ നിന്ന് കോളുകള്‍ പുറത്തേക്ക് പോയിട്ടുണ്ട്. ഇതേ ജയിലില്‍ തീവ്രവാദക്കേസുകളിലെ പ്രതികളുമുണ്ട്. അവര്‍ക്ക് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകാന്‍ സാധിക്കുമെന്നതിനാല്‍ ഉടന്‍ നടപടി വേണമെന്നുമാണു ശുപാര്‍ശ.

ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊടി സുനിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റി.

വിയ്യൂര്‍ ജയിലില്‍ വച്ചു കൊടി സുനിയുടെ കയ്യില്‍നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചിരുന്നു. എന്നാല്‍, ഇതില്‍ വിളിച്ചവരുടെ വിശദാംശം ജയില്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചില്ല. അതിനാലാണു റഷീദ് കേസിനൊപ്പം സുനിയുടെ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ജയില്‍ മേധാവി ആവശ്യപ്പെട്ടത്.

റഷീദ് ശിക്ഷിക്കപ്പെട്ടതു കൊലക്കേസിലാണ്. റഷീദിന്റെ ജൂലൈ 6 മുതല്‍ ഓഗസ്റ്റ് 9 വരെയുള്ള ഫോണ്‍ കോളുകളാണ് പരിശോദിച്ചത്. സിം കാര്‍ഡ് അന്തിക്കാട്ടെ കുപ്രസിദ്ധ ഗുണ്ടയുടെ പേരിലായിരുന്നു. ഇയാളുടെ സംഘത്തില്‍ പെട്ട വ്യക്തി ഇക്കാലയളവില്‍ ജയിലിലുണ്ടായിരുന്നു.

Related posts

Leave a Comment