കോട്ടയം: ഇപ്പോള്‍ പുലര്‍ച്ചെ കിട്ടുന്ന ചെറിയ കുളിര് അടുത്തയാഴ്ചയോടെ പിന്‍വാങ്ങും. അധികം ദിവസങ്ങളിൽ പുതപ്പിനുള്ളിലെ സുഖനിദ്രയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
ധനു കഴിഞ്ഞുവരുന്ന മകരം മുതൽ ഇടവം വരെ മാസങ്ങളിൽ രാത്രികാലം അന്യായ ഉഷ്ണവും ഉച്ചവെയിലിന് അസഹനീയ ചൂടുമായിരിക്കും. ഇപ്പോള്‍ത്തന്നെ രാജ്യത്ത് ഏറ്റവും ചൂടുള്ള ജില്ലയാണ് കോട്ടയം. അടുത്തയാഴ്ച പകല്‍ താപനില 35 ഡിഗ്രിയിലെത്തും. കഴിഞ്ഞ വര്‍ഷം ഇതേസമയം 34 ഡിഗ്രിയായിരുന്നു താപനില.
കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പകല്‍ച്ചൂട് അനുഭവിച്ചത് കോട്ടയം ജില്ലക്കാരാണ്. രാവിലെ ഏഴിനു രേഖപ്പെടുത്തിയ 20 ഡിഗ്രിയില്‍നിന്ന് മൂന്നു മണിക്കൂറിനുള്ളില്‍ 35 ഡിഗ്രിയിലേക്ക് ചൂടും ഉഷ്ണക്കാറ്റും പറന്നുകയറുകയാണ്. രാത്രി ഒന്‍പതു മുതല്‍ നേരിയ തണുപ്പ് തുടങ്ങും.
നിലവിലെ കുളിര്രാത്രികള് രണ്ടാഴ്ച പിന്നിട്ടാല്‍ ആവിയില്‍ വിയര്‍ക്കുന്ന സ്ഥിതിയിലെത്തും. ഫാനോ എസിയോ ഇല്ലാതെ ഉറങ്ങാന്‍ കഴിയാത്ത വിധം ഉഷ്ണമായിരിക്കും വരും മാസങ്ങളിലെ വേനലിനുണ്ടാകുക.
തണുപ്പും ചൂടും കയറിയിറങ്ങുന്ന ഇപ്പോഴത്തെ പ്രതിഭാസത്തില്‍ പനി, ജലദോഷം, അലര്‍ജി എന്നിവയ്ക്ക് സാധ്യതയേറെയാണ്. ജില്ലയില്‍ പനിബാധിതരില്‍ കാര്യമായ വര്‍ധനയുണ്ട്.
വേനലില്‍ മഞ്ഞപ്പിത്തം, അഞ്ചാംപനി സാധ്യതയും ഏറും. ഏപ്രില്‍ വരെ വേനല്‍മഴയ്ക്ക് സാധ്യത വിരളമായതിനാല്‍ കുടിവെള്ളം കിട്ടാന്‍ നന്നായി വലയും. മാര്‍ച്ച് ആദ്യവാരം മുതല്‍ തോടുകളും കുളങ്ങളും അരുവികളും വറ്റിത്തുടങ്ങും.
