കെഎസ്ആര്‍ടിസിയെ നേരെയാക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കണമെന്ന് തിരിച്ചറിഞ്ഞ് തച്ചങ്കരി; ശമ്പളം 30-ാം തീയതി തന്നെ കൊടുക്കാന്‍ ശ്രമം; തച്ചങ്കരിയുടെ പരിഷ്‌കരണങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: കെഎസ്ആര്‍ടി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതില്‍ ജീവനക്കാര്‍ക്കും ഒരു പങ്കില്ലേയെന്ന് പൊതുജനങ്ങള്‍ കുറേനാളായി ചോദിക്കുന്ന ചോദ്യമാണ്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ കൃത്യസമയത്ത് ശമ്പളം കൊടുക്കുകയാണ് ആദ്യ നടപടിയെന്ന് പുതിയ എംഡി ടോമിന്‍ തച്ചങ്കരി തിരിച്ചറിഞ്ഞിരിക്കുകയാണ്. കാലാകാലങ്ങളില്‍ ഭരിച്ചവരുടെ കെടുകാര്യസ്ഥത തകര്‍ത്ത ഒരു സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഇത്തരം കെടുകാര്യസ്ഥത ആവര്‍ത്തിച്ചതോടെ ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം കിട്ടാതായി. മുന്‍ ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയായി. ഇതോടെ കെഎസ്ആര്‍ടിസിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികള്‍ കടക്കെണിയിലും ആയി. കോര്‍പറേഷനെക്കുറിച്ചുള്ള ഈ മോശം അഭിപ്രായങ്ങള്‍ മാറ്റാനുള്ള തീവ്രശ്രമത്തിലാണ് പുതിയ എംഡി.

ലാഭത്തിലായില്ലെങ്കിലും നഷ്ടത്തില്‍ നിന്നും കരകയറ്റാനും ജീവനക്കാര്‍ക്ക് കൃത്യസമയത്തു ശമ്പളം കൊടുക്കാനുമുള്ള തത്രപ്പാടിലാണ് ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസിയെ നേരെ ആക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം നല്‍കണം. അതുകൊണ്ട് 30-ാം തിയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ തച്ചങ്കരി നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളം നല്‍കുന്നത് വൈകുന്നത് പതിവാണ്. എട്ടാം തീയ്യതി ആയിട്ടും ശമ്പളം കിട്ടാത്ത അവസ്ഥ അടുത്തിടെ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നു. കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്ന വിധത്തിലേക്ക് വരുമാനം എത്തിയാല്‍ ടോമിന്‍ തച്ചങ്കരി വിചാരിച്ച വഴിയിലേക്ക് കാര്യങ്ങള്‍ മാറും.

അതേസമയം ട്രഷറിയിലെ കണക്ക് പ്രകാരം മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കിയ ശേഷമേ കൊടുക്കാനാവൂ എന്ന നിലപാടിലാണ് തോമസ് ഐസക്. എന്നാല്‍ ശമ്പളം കൊടുക്കാനുള്ള ശ്രമത്തിലാണ് തച്ചങ്കരി. എന്നാല്‍ ആനവണ്ടിയെ രക്ഷിച്ചെടുക്കാനുള്ള അടിമുടി പരിഷ്‌ക്കാരത്തിന് ഇറങ്ങിയ ഡിജിപിക്ക് സര്‍ക്കാരിന്റെയും ഉറച്ച പിന്തുണയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കുടി ഇടപെട്ട് ശമ്പളം നേരത്തെയാക്കി ജീവനക്കാരെ കയ്യിലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തച്ചങ്കരിയുടെ നടപടികള്‍ക്ക് നല്ല ജനപിന്തുണയും ലഭിക്കുന്നുണ്ട്.തൊഴിലാളികളും അദ്ദേഹവുമായി സഹകരിക്കുന്നു. അതുകൊണ്ട് തന്നെ തച്ചങ്കരിയെ എതിര്‍ക്കാനുള്ള കരുത്ത് ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്ക് പോലുമില്ല. ജോലിയെടുത്തില്ലെങ്കില്‍ പണി പോകുമെന്ന സന്ദേശം തച്ചങ്കരി നല്‍കി കഴിഞ്ഞു. വരുമാനം പ്രതിദിനം എട്ടരക്കോടിയാക്കാനാണ് തച്ചങ്കരിയുടെ ലക്ഷ്യം.

ശമ്പളം കൃത്യസമയത്ത് നല്‍കണമെങ്കില്‍ വരുമാനം അതിന് അനുസരിച്ച് ഉയര്‍ത്തണമെന്ന് തച്ചങ്കരി ജീവനക്കാരോട് നിര്‍ദേശിച്ചു കഴിഞ്ഞു.ജീവനക്കാരുടെ കുറവുകാരണം ബസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും മൂന്ന് മാസത്തേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. ജീവനക്കാരില്ലാത്തതിനാല്‍ ദിവസം 200 ബസുകള്‍വരെ മുടങ്ങുന്നതായി കണ്ടെത്തിയിരുന്നു. സര്‍വീസ് മുടക്കുന്നതിലൂടെ സ്വന്തം ചോറില്‍ തന്നെയാണ് ജീവനക്കാര്‍ മണ്ണുവാരിയിടുന്നതെന്നാണ് തച്ചങ്കരി ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്. അവധിയെടുത്ത് വിദേശത്തു പോകുന്നതിനും തച്ചങ്കരി തടയിട്ടിരിക്കുകയാണ്.

ജോലി രാജിവച്ച് മാത്രമേ ഇനി വിദേശ ജോലിക്ക് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് പോകാന്‍ കഴിയൂ എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റും. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ മറ്റു ഡ്യൂട്ടികള്‍ ഒഴിവാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൂടുതല്‍ സര്‍വീസുകള്‍ നടത്തുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശ്യം. ശമ്പളം, പെന്‍ഷന്‍ വിതരണം, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എന്നിവ കൈകാര്യംചെയ്യുന്ന ഇലക്ട്രോണിക് ഡേറ്റാ പ്രോസസിങ് സെന്റര്‍ (ഇ.ഡി.പി.സി.), റൂട്ട് കേസുകള്‍ കൈകാര്യം ചെയ്യുന്ന നിയമവിഭാഗം എന്നിവിടങ്ങളില്‍ കണ്ടക്ടര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ജോലി ചെയ്യുന്നത്. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ജീവനക്കാരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയാണ് ഇ.ഡി.പി.സി.യില്‍ നിയോഗിച്ചത്.

അടുത്തയിടെ ഇവിടെ മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയോഗിച്ചെങ്കിലും ഫലപ്രദമായില്ല. പണിയെടുക്കാതെ ശമ്പളം വാങ്ങി, സംഘടനാപ്രവര്‍ത്തനം മാത്രം നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. ഇന്‍സ്പെക്ടര്‍മാര്‍ക്കു ഇനി ജോലിയെടുത്തേ പറ്റൂ. പാറശാല മുതല്‍ കാസര്‍ഗോഡ് വരെ മുഴുവന്‍ റൂട്ടുകളിലും ബസുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണു പുതിയ എം.ഡി: ടോമിന്‍ ജെ. തച്ചങ്കരിയുടെ ഉത്തരവ്. ബസുകള്‍ പരിശോധിക്കുന്നതിനൊപ്പം ഗതാഗതത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ രാവിലെ 07-11 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി എട്ടുവരെയും പോയിന്റ് ഡ്യൂട്ടി ക്രമീകരിച്ച്, കോണ്‍വോയ് ഒഴിവാക്കി പരമാവധി യാത്രക്കാരെ കയറ്റി സര്‍വീസ് കാര്യക്ഷമമാക്കാനും നിര്‍ദ്ദേശമുണ്ട്. ഇതുവഴി കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിനവരുമാനം 10% വര്‍ധിപ്പിച്ച് എട്ടരക്കോടി രൂപയാക്കി ഉയര്‍ത്താമെന്നും അദ്ദേഹം കണക്കു കൂട്ടുന്നു.

 

Related posts