കെഎസ്ആര്‍ടിസി ആംബുലന്‍സ് ആയി ! യാത്രയ്ക്കിടെ കുഴഞ്ഞു വീണ വൃദ്ധയെ ആശുപത്രിയിലെത്തിച്ചത് മിന്നല്‍ വേഗത്തില്‍…

കടക്കെണിയില്‍ നട്ടംതിരിയുകയാണെങ്കിലും കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള നന്മ പ്രവൃത്തികള്‍ തുടരുകയാണ്. ഒരു ജീവന്‍ രക്ഷിക്കാന്‍ കെഎസ്ആര്‍ടിസി കുറച്ചു നേരത്തേക്ക് ആംബുലന്‍സ് ആയി മാറി.

കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ആലുപ്പുഴ ഡിപ്പോയിലെ എടിഎ 268 നമ്പര്‍ ബസാണ് ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പാഞ്ഞത്. മങ്കൊമ്പ് സ്വദേശിനിയായ രത്‌നമ്മ (74)യാണ് യാത്രയ്ക്കിടെ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ െ്രെഡവറിന്റെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ രത്‌നമ്മയെ കഴിയുന്നത്ര വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

രത്‌നമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ മനസുകാണിച്ച ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും അഭിന്ദന പ്രവാഹമാണ്. മങ്കൊമ്പില്‍ നിന്ന് ബസില്‍ കയറിയതു മുതല്‍ രത്‌നമ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.

തുടര്‍ന്ന് പള്ളാത്തുരുത്തി എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വണ്ടി നേരെ ആശുപത്രിയിലേക്ക് വിടാന്‍ കണ്ടക്ടര്‍ കെ. മായ നിര്‍ദ്ദേശിക്കുകയായിരുന്നു. യാത്രക്കാരും ഇതിനെ അനുകൂലിച്ചു.

തുടര്‍ന്ന് ഡ്രൈവര്‍ സുനില്‍ കുമാര്‍ വണ്ടി അതിവേഗത്തില്‍ ആശുപത്രിയിലേക്ക് പായിക്കുകയും രത്‌നമ്മയെ അവിടെ പ്രവേശിപ്പിക്കുകയുമായിരുന്നു.

Related posts