കോഴിക്കോട്: കർണാടകയിലെ ബിഡദിക്കടുത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. അപകടത്തെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. ബസിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ സ്ഥിരപരിചയമുള്ള ആളാണെന്നും, 16 മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും മന്ത്രി പറഞ്ഞു. അതിനാൽ ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും നിയമപരമായ യാതൊരുവിധ അപാകതകളും ഇതിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിരം ജീവനക്കാർക്ക് പകരം താൽക്കാലിക ജീവനക്കാരനാണ് വണ്ടി ഓടിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളും മന്ത്രി തള്ളി. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച ഡ്രൈവറെ അന്നു രാത്രി തന്നെ ബംഗളൂരു സർവീസിനായി വീണ്ടും നിയോഗിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
