ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും പ്രവർത്തനത്തിലെ പ്രശ്നങ്ങൾ കുട്ടനാടിന് സമ്മാനിക്കുന്നത് കൃഷിനാശവും കാൻസർ വരെയുള്ള മാറാവ്യാധികളും.
കുട്ടനാട്ടിലെ പുഞ്ചകൃഷിയെ ഉപ്പുവെള്ളത്തിൽനിന്ന് രക്ഷിക്കാൻ ഡിസംബർ 15ന് അടച്ച് മാർച്ച് 31ന് തുറക്കേണ്ടതാണ് തണ്ണീർമുക്കം ബണ്ട്. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി യഥാക്രമം ഏപ്രിൽ 10, 11, 20 തീയതികളിലാണ് തണ്ണീർമുക്കം ബണ്ട് തുറന്നത്. തണ്ണീർമുക്കം ബണ്ടു വഴി വരുന്ന ഉപ്പുജലം കുട്ടനാട്ടിൽ കയറിയാലേ നെൽകൃഷിയിൽ നിന്നുണ്ടാകുന്ന വിഷാംശങ്ങളിൽനിന്നും മറ്റും കുട്ടനാട് ശുദ്ധീകരിക്കപ്പെടുകയുള്ളൂ.
കായൽ മത്സ്യസമ്പത്തിനും കായൽ ആവാസവ്യവസ്ഥയ്ക്കും ഉപ്പുജലം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പായൽ മൂടിയ കായലിൽ മത്സ്യസമ്പത്തിന് നിലനിൽക്കാൻ സാധിക്കില്ല. ഉപ്പുജലം എത്തുമ്പോഴാണ് കായലിലെ പായൽ അഴിഞ്ഞ് അത് മത്സ്യത്തിന് ഭക്ഷണമാകുന്നത്.
കൂടാതെ കായലിൽ വായൂപ്രവാഹവും ഉണ്ടാകുന്നത്. ഇങ്ങനെ ഉപ്പുജലം കയറി ശുചീകരിക്കപ്പെട്ട കായലിലേക്ക് മഴയോടുകൂടെ ശുദ്ധജലം കൂടി എത്തുന്നതോടെ ഉപ്പു കുറഞ്ഞ് ഒരു മധുരം ജലത്തിനു വരും. ഈ സമയത്താണ് കായൽ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത്.
എന്നാൽ തണ്ണീർമുക്കം ബണ്ട് തുറക്കാൻ വൈകുന്നത് കുട്ടനാട്ടിലെ പല ഭാഗങ്ങളിലേക്കും ഉപ്പുജലം ഒഴുകിയെത്തുന്നത് തടസപ്പെടുത്തും. ഇതുമൂലം മത്സ്യസമ്പത്തിന് വളരാനാവാത്ത അവസ്ഥയും ഉണ്ടാവും. ജലശുദ്ധീകരണവും നടക്കില്ല.
കടലിൽനിന്നുള്ള ഉപ്പു ജലം കുട്ടനാട്ടിലേക്ക് കയറാതിരിക്കാൻ തണ്ണീർമുക്കം ബണ്ടിനൊപ്പം രൂപകല്പന ചെയ്തതാണ് തോട്ടപ്പള്ളി സ്പിൽവേ. എന്നാൽ സ്പിൽവേ തകർന്നിരിക്കുന്നതിനാൽ ഷട്ടറുകൾ വഴി പുഞ്ചകൃഷി സമയത്തും ഉപ്പുജലം കുട്ടനാട്ടിലേക്ക് എത്തുന്നുണ്ട്. തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതിനൊപ്പം ചെറു തോടുകളിലൂടെ ഉപ്പുജലം കുട്ടനാട്ടിലേക്ക് കയറാതിരിക്കാൻ ഓരുമുട്ടുകൾ ഇടുന്ന പതിവുണ്ട്.
ഇതും കൃത്യമായി നടക്കാത്തതിനാൽ കുട്ടനാട്ടിലേക്ക് പുഞ്ചകൃഷി സമയത്തും ഉപ്പുജലം ഒഴുകിയെത്തുകയാണ്. ഉപ്പുജലത്തോടൊപ്പം ഉഷ്ണതരംഗം കൂടിയായതോടെ കഴിഞ്ഞ വർഷം 27,000 ഏക്കറിലെ നെൽകൃഷിയാണ് നശിച്ചത്. നെടുമുടി, ചമ്പക്കുളം, പുന്നപ്ര, അമ്പലപ്പുഴ തുടങ്ങിയ കൃഷിഭവൻ പരിധികളിലെ പാടശേഖരങ്ങളിലാണ് നഷ്ടം അധികവുമുണ്ടായത്. അതിനാൽ നെടുമുടിയിലെ 24 പാടശേഖരങ്ങൾ ഇത്തവണ പുഞ്ചകൃഷി ഉപേക്ഷിച്ചിരുന്നു.
തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പൽവേയും കൃത്യമായി പ്രവർത്തിച്ചെങ്കിൽ മാത്രമേ കുട്ടനാടൻ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടൂ. നെടുമുടിയിൽ കഴിഞ്ഞ ദിവസം ഒരു കാൻസർ കൂടി സ്ഥിരീകരിച്ചിരുന്നു. ഉപ്പുജലം കൃത്യമായി കയറിയിറങ്ങി കുട്ടനാട്ടിലെ കായൽ ആവാസവ്യവസ്ഥ ശുദ്ധീകരിക്കപ്പെടാത്തതു മൂലമാണ് ഇതെന്നാണ് ജനങ്ങൾ പറയുന്നത്.
കൃഷിനാശം മുറപോലെ, നഷ്ടപരിഹാരമില്ല
കൃഷിനാശം മുറപോലെ നടക്കുന്നെങ്കിലും ഇതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കർഷകർക്ക് പരാതിയുണ്ട്. കഴിഞ്ഞവർഷം കൃഷി നശിച്ച 27,000 ഏക്കർ സ്ഥലത്തെ കർഷകർക്ക് ഇതുവരെ വിള ഇൻഷ്വറൻസിൽനിന്നു ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഏക്കറിന് 19,500 വീതമാണ് ലഭിക്കേണ്ടത്.
കുട്ടനാട്ടിൽ വർഷത്തിൽ രണ്ടു കൃഷി നടക്കണമെങ്കിൽ ഓരുവെള്ളം കയറി കുട്ടനാടിനെ ശുദ്ധീകരിക്കുന്ന പ്രക്രിയ കൃത്യസമയത്ത് നടക്കണം. തോടുകളിൽ എക്കലടിഞ്ഞ് നീരൊഴുക്കും തടസപ്പെട്ടിട്ടുണ്ട്. ഇതും മാറ്റാൻ സംവിധാനം ഉണ്ടായെങ്കിലേ ഉപ്പുവെള്ളം കയറിയുള്ള ശുദ്ധീകരണം കൃത്യമായി നടക്കുകയുള്ളൂ.
