മാന്നാർ: ദോഷ പരിഹാരത്തിനായി പ്രാർഥന നടത്താമെന്ന പേരിൽ വീട്ടമ്മയുടെ പക്കൽനിന്ന് പണവും സ്വർണവും തട്ടിയെടുത്തയാളെ മാന്നാർ പോലീസ് അഗസ്റ്റ് ചെയ്തു. കണ്ണൂർ, മാവിലായി, പൊതുവാഞ്ചേരി ചെറിയാണ്ടി പുതിയ പുരയിൽ അഷ്റഫി(52)നെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുലക്ഷത്തോളം രൂപയും അഞ്ചു പവനോളം സ്വർണവുമാണ് ഇയാൾ മാന്നാർ സ്വദേശിയായ വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത്.
കുടുംബ പ്രശ്നങ്ങൾ പ്രാർഥനയിലൂടെ പരിഹരിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വീട്ടമ്മയുടെ താലിമാല ഉൾപ്പെടെ അഞ്ചു പവൻ സ്വർണവും പ്രാർഥനയുടെ ചെലവ് എന്ന് പറഞ്ഞ് പല തവണയായി രണ്ടു ലക്ഷത്തോളം രൂപയുമാണ് തട്ടിയെടുത്തത്.
വീട്ടമ്മയുടെ കണ്ണൂരിലുള്ള ബന്ധു വഴിയുള്ള പരിചയത്തിൽ കുടുംബ വഴക്കിനെപ്പറ്റി അഷ്റഫിനോട് സംസാരിച്ചതിനെതുടർന്നാണ് പ്രാർഥനയിലൂടെ പ്രശ്നങ്ങൾ മാറ്റിത്തരാമെന്നും പറഞ്ഞ് സ്വർണവും പണവും തട്ടിയെടുത്തതെന്ന് വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയെ ത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്.വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ സജിത് മോൻ എഎസ്ഐ റിയാസ്, സിപിഒമാരായ അരുൺ ഭാസ്കർ, സുമേഷ് എന്നിവരടങ്ങുന്ന സംഘം കണ്ണൂരിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
