കൊച്ചി: കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി കെ വി തോമസ്. പാർട്ടി തന്നെ ചവിട്ടി പുറത്താക്കിയതാണ്. തിരിച്ചുപോകില്ലെന്ന തീരുമാനത്തിൽ ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി അകന്നെങ്കിലും സോണിയ ഗാന്ധിയോടുള്ള വ്യക്തിബന്ധത്തിനും ആദരവിനും ഇപ്പോഴും മാറ്റമില്ലെന്നും എന്നാൽ പാർട്ടിയിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. സോണിയ ഗാന്ധിയുടെ ആത്മകഥ വായിച്ച അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കോൺഗ്രസ് വിടാൻ കാരണമായതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
എന്ത് തെറ്റിന്റെ പേരിലാണ് തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതെന്ന് ഇന്നും അറിയില്ലെന്ന് . എഐസിസി അംഗമായിരുന്നിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അടുത്ത സുഹൃത്തായ പി.ടി. തോമസിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ ഉത്തരവാദിത്തപ്പെട്ടവർ അനുവദിച്ചില്ല. അപ്പോഴാണ് പാർട്ടിയിൽ തനിക്കുള്ള സ്ഥാനം മനസിലായത്.
തന്നെ മാറ്റേണ്ടതില്ലായിരുന്നുവെന്ന് പല മുതിർന്ന നേതാക്കളും സുഹൃത്തുക്കളും പിന്നീട് പറഞ്ഞിട്ടുണ്ട്. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും, ആ പ്രതിസന്ധി ഘട്ടത്തിൽ തണലായി നിന്നത് ഇടതുപക്ഷ പ്രസ്ഥാനവും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും കെ.വി. തോമസ് വ്യക്തമാക്കി.
സോണിയ ഗാന്ധിയുടെ ആത്മകഥയിലൂടെയുള്ള യാത്ര ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് കെ.വി. തോമസ് കുറിച്ചു. ഇന്ദിരാഗാന്ധിയുടെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതടക്കമുള്ള കുടുംബജീവിതത്തിലെ രംഗങ്ങൾ വായിക്കുമ്പോൾ സ്നേഹസമ്പന്നമായ ഒരു കുടുംബത്തിന്റെ ചിത്രമാണ് മനസിൽ തെളിയുന്നത്.
സോണിയ ഗാന്ധിയുമായി ഇപ്പോഴും കത്തിടപാടുകളും ബന്ധവും തുടരുന്നുണ്ടെന്നും, പുതിയതായി വാങ്ങിയ അവരുടെ പുസ്തകത്തിൽ ഒപ്പിട്ടുവാങ്ങാൻ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നതിൽ സോണിയ ഗാന്ധിക്ക് തുല്യമായി മറ്റാരെയും കണ്ടിട്ടില്ല. എന്നാൽ അവർ നാളെ വിളിച്ചാൽ പോലും കോൺഗ്രസിലേക്ക് മടങ്ങില്ലെന്നും, വിളിച്ചാൽ കാര്യങ്ങൾ തുറന്നുപറയുമെന്നും കെ.വി. തോമസ് വ്യക്തമാക്കി. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
