എല്ലാ മാസവും 10 ലിറ്റര്‍ മദ്യം വീട്ടിലെത്തിക്കും! മദ്യത്തിനൊപ്പം ഓരോ കുടുംബത്തിനും 25,000 രൂപയും; വ്യത്യസ്തമായ വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് വോട്ടഭ്യര്‍ത്ഥനയുമായി ഒരു സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പ് കാലമാണ്. സ്ഥാനാര്‍ത്ഥികളും അണികളും പാര്‍ട്ടിക്കാരുമെല്ലാം എന്തിനും തയാറായി കച്ചമുറുക്കി കഴിഞ്ഞു. വോട്ടുകള്‍ ഉറപ്പിക്കാനുള്ള വിശ്രമമില്ലാത്ത പരിശ്രമമാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥികള്‍ വീടുകള്‍ തോറും കയറിയിറങ്ങി വോട്ടുറപ്പിക്കുന്ന തിരക്കാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ ആരുടെയും കണ്ണുതള്ളുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയാണ് തമിഴ്‌നാട്ടിലെ തിരിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി.

തന്നെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ മദ്യം തേടി അലയേണ്ടി വരില്ലെന്നാണ് ഈ സ്ഥാനാര്‍ത്ഥി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നത്. തിരുപ്പൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എ.എം.ഷെയ്ക്ക് ദാവൂദാണ് ഈ ഉറപ്പുനല്‍കി വോട്ടുപിടിക്കുന്നത്.

പ്രതിമാസം 10 ലിറ്റര്‍ മദ്യം എല്ലാ വീട്ടിലുമെത്തിക്കുമെന്നാണ് ഷെയ്ക്ക് ദാവൂദ് ഉറപ്പുനല്‍കുന്നത്. ശനിയാഴ്ച കളക്ടറേറ്റിലെത്തി തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്റെ വാഗ്ദാനങ്ങള്‍ ദാവൂദ് വെളിപ്പെടുത്തിയത്.

മദ്യത്തിനൊപ്പം മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപയും നല്‍കും. കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി, വിവാഹത്തിനായി 10 സ്വര്‍ണ്ണ നാണയങ്ങളും 10 ലക്ഷം രൂപയും എംപി ഫണ്ടില്‍ നിന്നും നല്‍കും അങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയാണ് സ്ഥനാര്‍ഥി നിരത്തുന്നത്.

Related posts