യൂറോ മില്യൺസ് ലോട്ടറിയിലൂടെ 1,470 കോടി രൂപയുടെ (115 മില്യൺ പൗണ്ട്) വമ്പൻ സമ്മാനം ലഭിച്ചിട്ടും, തുകയുടെ പകുതിയോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് ഒരു മുൻ അധ്യാപിക. നോർത്തേൺ അയർലൻഡ് സ്വദേശിനിയും മുൻ സോഷ്യൽ വർക്കറുമായ ഫ്രാൻസെസ് കൊനോളിയാണ് (Frances Connolly) തനിക്ക് ലഭിച്ച ഭാഗ്യത്തിന്റെ ഒരു വിഹിതം മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മാറ്റിവെച്ച് ലോകത്തിന് മാതൃകയാകുന്നത്.
2019ലാണ് ഫ്രാൻസെസിനും ഭർത്താവ് പാഡിക്കും ലോട്ടറി ലഭിക്കുന്നത്. സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾ പൂർത്തിയായ ശേഷം തുക മറ്റുള്ളവരുമായി പങ്കുവെക്കുന്നത് മനുഷ്യസഹജമായ കാര്യമാണെന്നാണ് ഇതേക്കുറിച്ച് ഫ്രാൻസെസ് പ്രതികരിച്ചത്. പ്രശസ്ത ഗായികയും ജീവകാരുണ്യ പ്രവർത്തകയുമായ ഡോളി പാർട്ടിന്റെ പ്രവർത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ഇവർ വ്യക്തമാക്കുന്നു.
സമ്മാനത്തുക ലഭിച്ചതിന് പിന്നാലെ ആഢംബര ജീവിതത്തിന് പുറകെ പോകാതെ ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച ഇരുവരും ഇതുവരെ 632.5 കോടിയിലധികം രൂപ (ലോട്ടറി തുകയുടെ പകുതിയോളം) ജീവകാരുണ്യ ആവശ്യങ്ങൾക്കായി നൽകിക്കഴിഞ്ഞു.
വലിയ സമ്പത്തിന്റെ ഉടമകളായിട്ടും തികച്ചും ലളിതമായ ജീവിതമാണ് ഇരുവരും ഇപ്പോഴും നയിക്കുന്നത്. ഉപയോഗിച്ച കാറുകളും വാച്ചുകളും വാങ്ങാനാണ് ഇവർ ഇപ്പോഴും മുൻഗണന നൽകുന്നത്. സ്വന്തം ആവശ്യങ്ങൾക്ക് അപ്പുറമുള്ള പണം കൈവശം വെക്കുന്നതിൽ അർത്ഥമില്ലെന്നും, തങ്ങളുടെ മക്കൾക്ക് സുഖമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കിയ ശേഷം ബാക്കി തുക സമൂഹത്തിന് നൽകുകയായിരുന്നെന്നും ഫ്രാൻസെസ് കൂട്ടിച്ചേർത്തു.
