മാളുവിനും മക്കള്‍ക്കും വീടെന്ന സ്വപ്നത്തിനായി കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍

malluമുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരി പന്നൂളി കോളനിയില്‍ ദുരിതത്തില്‍ കഴിയുന്ന കുടുംബത്തിന് വീടൊരുക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവ് മരണപ്പെട്ട് വിധവയായി കഴിയുന്ന മാളുവിനും ഇവരുടെ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ്  വീടെന്ന സ്വപ്നം പൂവണിയുന്നത്. മണാശ്ശേരി  എം.എ.എം.ഒ കോളജിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികളുടെ  നേതൃത്വത്തിലാണ്  വീട്  നിര്‍മിച്ചു നല്‍കുന്നത്. കാലങ്ങളായി മാളുവും മക്കളും സുരക്ഷിതമല്ലാത്ത  ഷെഡ്ഡിലാണ് താമസം. കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന മാളുവിന് സ്വന്തമായി വീടെന്നത് ചിന്തിക്കാന്‍പോലും കഴിയില്ല. ഷീറ്റുകള്‍ വലിച്ചുകെട്ടിയ ഷെഡ് കാറ്റിലോ മഴയിലോ ഏതു നിമിഷവും തകര്‍ന്നടിയാവുന്ന നിലയിലാണ്.

പത്താം തരത്തില്‍ പഠിക്കുന്ന മകളും നാലാം ക്ലാസില്‍ പഠിക്കുന്ന മകനുമാണ് മാളുവിന്. ഏകദേശം നാലുലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന വീട് നിര്‍മാണത്തിന് എന്‍എസ്എസ്  യൂണിറ്റിലെ 200 ഓളം വളണ്ടിയര്‍മാര്‍ പണം സ്വരൂപിക്കാനും നിര്‍മാണ പ്രവര്‍ത്തികള്‍ക്കായും  കര്‍മ്മനിരതരായി രംഗത്തിറങ്ങുമെന്ന് യൂണിറ്റ് ഭാരവാഹികളായ  ഡോ.ടി.സി.സൈമണ്‍, എ.ലുക്മാന്‍, പി.സി.മുഹമ്മദ് അനീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2017 മാര്‍ച്ച് അവസാനിക്കുന്നതിനുമുമ്പ് തന്നെ വീട് പണി പൂര്‍ത്തിയാക്കാനാണ് നീക്കം. വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നതിനായി ജോര്‍ജ് എം. തോമസ് എംഎല്‍എ, മുക്കം നഗരസഭാ ചെയര്‍മാന്‍ കുഞ്ഞന്‍ മാസ്റ്റര്‍,കോളജ് അതികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരികളായി ജനകീയ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. നേരത്തേ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആറ് വീടുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.

Related posts