ഇന്ത്യയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി! ആര്‍ബിഐ റിസര്‍വ് കേന്ദ്രം പിടിച്ചടക്കില്ലെന്ന് പ്രത്യാശിക്കുന്നു; സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറയുന്നു

വളരെ അപ്രതീക്ഷിതമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ നടത്തിയ രാജി വയ്ക്കല്‍ രാജ്യത്തെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. പ്രത്യേകിച്ച് രാജ്യത്തിന്റെ സമ്പദ്‌മേഖലയെ. മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ് ഇക്കാര്യത്തില്‍ നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ഏറ്റ കനത്ത തിരിച്ചടി എന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഊര്‍ജിത് പട്ടേലിന്റെ രാജിയെ വിശേഷിപ്പിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. ആര്‍.ബി.ഐ റിസേര്‍വുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കുകയില്ലെന്നു താന്‍ പ്രത്യാശിക്കുന്നതായും മന്‍മോഹന്‍ സിംഗ്പറഞ്ഞു.

ആര്‍.ബി.ഐ റിസേര്‍വ് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്ന് ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ നേരത്തെ പറഞ്ഞിരുന്നു. ഗവര്‍ണ്ണറുടെ രാജി അത്തരമൊരു നീക്കത്തിന്റെ സൂചനയല്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’- ഉര്‍ജിത്തിന്റെ രാജിക്ക് പിന്നാലെ പുറത്തു വിട്ട കുറിപ്പില്‍ മന്‍മോഹന്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്ഘടന പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് ഉര്‍ജിത് രാജി വെച്ചതില്‍ ദുഖം പ്രകടിപ്പിച്ചു കൊണ്ടാണ് മന്‍മോഹന്‍ സിംഗ് കുറിപ്പ് ആരംഭിക്കുന്നത്. റിസേര്‍വുകളെ ചൊല്ലി ആര്‍.ബി.ഐയുമായി കൊമ്പുകോര്‍ത്ത കേന്ദ്ര സര്‍ക്കാരിനേയും അദ്ദേഹം തന്റെ കുറിപ്പില്‍ പ്രത്യക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

‘സ്ഥാപനങ്ങള്‍ കെട്ടിപ്പെടുത്താന്‍ ഒരുപാട് കാലത്തെ പരിശ്രമം ആവശ്യമാണ്, എന്നാല്‍ അത് തകര്‍ക്കാന്‍ പെട്ടെന്ന് കഴിയും. ആര്‍.ബി.ഐ പോലെയുള്ള സ്ഥാപനങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുത്തുന്നതില്‍ മുന്നിലുണ്ടായിരുന്നത്. ഹ്രസ്വ കാലത്തേക്കുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത്തരം സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നത് മണ്ടത്തരമാണ്’- 1991-1996 കാലയളവില്‍ രാജ്യത്തെ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച മന്‍മോഹന്‍ തന്റെ കുറിപ്പില്‍ പറയുന്നു. .

Related posts