റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് വനിത കൊല്ലപ്പെട്ടു. കങ്കേർ ജില്ലയിലെ വനമേഖലയിൽ നടന്ന വെടിവയ്പിലാണ് മാവോയിസ്റ്റ് പാർതാപുർ ഏരിയ കമ്മിറ്റി അംഗമായ രൂപിയെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്. ഇവരുടെ മൃതദേഹത്തോടൊപ്പം ആയുധങ്ങളും കണ്ടെടുത്തു. രാജ്യം മാവോയിസ്റ്റ് മുക്തമെന്ന പ്രഖ്യാപനത്തിനു ദിവസങ്ങൾക്കുശേഷമാണു സംഭവം.
സുരക്ഷാസേന മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണു വെടിവയ്പുണ്ടായത്. മേഖലയിൽ ഇപ്പോഴും പരിശോധന തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മാർച്ച് 31-ഓടെ ഇന്ത്യയിലെ സായുധ ഇടതുപക്ഷ തീവ്രവാദം പൂർണമായും അമർച്ച ചെയ്തതായി കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 706 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും 4,839 പേർ കീഴടങ്ങുകയും ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.
മാവോയിസ്റ്റ് സ്വാധീനമേഖലയായിരുന്ന ബസ്തർ ഡിവിഷനിൽ വിപുലമായ വികസന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചത്തീസഗഡ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ഇതുസംബന്ധിച്ച കർമപദ്ധതി സമർപ്പിച്ചു. വിദ്യാഭ്യാസ ഹബുകൾ, മെഡിക്കൽ കോജുകൾ, ജലസേചന പദ്ധതികൾ എന്നിവയ്ക്കൊപ്പം ടൂറിസം മേഖലയ്ക്കും വലിയ മുൻഗണനയാണ് നൽകുന്നത്.
ബസ്തറിലെ വനമേഖലകളിൽ ഗ്ലാസ് ബ്രിഡ്ജുകൾ, കനോപ്പി വോക്ക് തുടങ്ങിയ സാഹസിക-പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ നടപ്പിലാക്കാനാണു തീരുമാനം. ദശാബ്ദങ്ങളോളം മാവോയിസ്റ്റ് അക്രമങ്ങൾക്കു സാക്ഷ്യം വഹിച്ച ബസ്തർ, ദന്തേവാഡ, സുക്മ, ബിജാപുർ, നാരായൺപുർ, കൊണ്ടഗാവ്, കങ്കേർ മേഖലകളെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്കു കൊണ്ടുവരാണു സർക്കാർ പദ്ധതിയിടുന്നത്.
