കുമരകം: സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് ആരംഭിച്ച പുതിയ ടൂറിസം സേവനമായ കുട്ടനാട് സഫാരിക്ക് വിനോദസഞ്ചാരികളുടെ തിരക്കേറുന്നു.
കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യം നേരിൽക്കണ്ട് അനുഭവിക്കാനും, നാട്ടിൻപുറങ്ങളിൽ ലഭ്യമാകുന്ന വിഭവ സമൃദ്ധമായ കുട്ടനാടൻ രുചികൾ ആസ്വദിക്കാനും, തനത് കലാരൂപങ്ങൾ കാണാനും, പരമ്പരാഗത തൊഴിലുകളുമായി ബന്ധപ്പെട്ട ജീവിതശൈലികളെ അടുത്തറിഞ്ഞ് അനുഭവിക്കാനും ഈ യാത്ര മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്.
പാതിരാമണൽ ദ്വീപിലെ ആംഫി തിയറ്ററിൽ അരങ്ങേറുന്ന കലാപരിപാടികൾ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നു. ഈ യാത്ര ഓരോ സഞ്ചാരിക്കും ഓർമയിൽ സൂക്ഷിക്കാനുളള അനുഭവമാണ് നൽകുന്നത്.
സഫാരി യാത്ര പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ. 100 യാത്രക്കാർക്ക് സുഖകരമായി ഇരുന്നു യാത്ര ചെയ്യാവുന്ന, പൂർണമായും ശീതീകരിച്ച ഇന്ദ്ര സോളാർ ഡബിൾ ഡക്കർ ബോട്ട് രാവിലെ 10ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് മടങ്ങിയെത്തും.
ടിക്കറ്റ് നിരക്ക്: 11 വയസിനു മുകളിലുള്ളവർക്ക് 1000 രൂപയും അഞ്ചു മുതൽ 11 വയസു വരെയുള്ളവർക്ക് 650 രൂപയുമാണ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. മുൻകൂർ ടിക്കറ്റ് ബുക്കിംഗിനായി രാവിലെ മുതൽ 9400050333 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
