കാക്കിക്കുള്ളിലെ കലിയടങ്ങുന്നില്ല..!   വിദ്യാർഥികൾ തമ്മിലുള്ള മർദനത്തിൽ എഎസ്ഐയുടെ മകന് പരുക്ക്; വിദ്യാർഥികളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിഎഎസ്ഐയെയുടെ ക്രൂരമർദനം പരിക്കേറ്റ വിദ്യാർഥികൾ ചികിത്‌സയിൽ

കായംകുളം: സ്കൂൾ വിദ്യാർഥികളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചുവെന്ന പരാതിയിൽ കായംകുളം എഎസ്ഐക്കെതിരേ നടപടി. അന്വേഷണ വിധേയമായി എഎസ്ഐ സിയാദിനെ ആലപ്പുഴ എആർ ക്യാന്പിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി അനിൽദാസിനോട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്.

മർദ്ദനമേറ്റ വിദ്യാർഥികളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. എംഎസ്എംഎച്ച്എസ് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ എഎസ്ഐയുടെ മകന് മർദ്ദനമേറ്റുവെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് എഎസ്ഐ ചില വിദ്യാർഥികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം മർദ്ദിച്ചുവെന്നാണ് പരാതി.

സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ രാവിലെ കായംകുളം സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടായത്. എഎസ്ഐക്ക് പിന്നാലെ സ്റ്റേഷനിലെ ചില പോലീസുകാർക്കെതിരെയും ആരോപണമുണ്ട്. ഇവർക്കെതിരേ വകുപ്പുതല നടപടിക്ക് ജില്ലാ പോലീസ് മേധാവി ശിപാർശ ചെയ്തിട്ടുണ്ട്.

Related posts