കോട്ടയം: തിരുവല്ലയിലെ സ്പാ സെന്ററില്‍ ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയ കാപ്പ കേസ് പ്രതി ഉള്‍പ്പെട്ട സംഘം ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിന്റെയും തലസ്ഥാനത്ത് ലൈന്‍സില്ലാത്ത പ്രവര്‍ത്തിച്ച സ്പാ അടച്ചു പൂട്ടിയ സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ ജില്ലയിലും വിവിധ സ്പാ സെന്ററുകള്‍ കേന്ദ്രീകരിച്ചു പോലീസ് പരിശോധനകള്‍ തുടങ്ങി. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും കുമരകം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ചും നിരവധി സ്പാ സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.
ലൈസന്‍സില്ലാതെ സ്പാ മസാജിംഗ് സെന്ററുകള്‍ കൂണുപോലെ മുളയ്ക്കുമ്പോഴും നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. തിരുവല്ലയിലെ പല സ്പാ സെന്ററുകളിൽനിന്ന് പോലീസ് മാസപ്പടി വാങ്ങുന്നതായുള്ള ആരോപണവും പുറത്തുവന്നിരുന്നു. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന സ്പാകളില്‍ നിന്നും പോലീസിനു കൃത്യമായി മാസപ്പടി നല്കുന്നതയാണു സൂചന. നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമുള്ള മസാജ് സെന്ററുകളില്‍ പലതും അനാശാസ്യ കേന്ദ്രങ്ങളാണെന്നു ആരോപണമുണ്ട്. ജില്ലയിലെ ഒട്ടുമിക്ക സ്പാ സെന്ററുകളും പോലീസുകാരുടെതടക്കം അറിവോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടിക്കൂട്ട് സ്പാകളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും കുറെക്കാലമായി നടക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകുന്നില്ല. ക്രോസ് മസാജിംഗ് അടക്കം സേവനങ്ങള്‍ കാട്ടിയുള്ള പരസ്യങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയ വഴി ആളുകളെ ആകര്‍ഷിക്കുന്ന പരസ്യങ്ങളും നല്‍കുന്നുണ്ട്. പല കേന്ദ്രങ്ങളും നടത്തുന്നതു രാഷ്ട്രീയത്തിലും പോലീസിലും ഉന്നത ബന്ധങ്ങളുള്ളവരാണ്. ദിവസവും ലക്ഷങ്ങളാണ് സ്ഥാപനങ്ങളില്‍ വരുമാനമായി ലഭിക്കുന്നത്.
സ്പാ സെന്ററിന്റെ പ്രധാന ആകര്‍ഷണം മസാജിംഗിന് പുറമെ മറ്റു ചില സേവനങ്ങളാണ്. കൊച്ചിയില്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ഹണി ട്രാപ്പും, ബ്ലാക്ക് മെയിലിംഗും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. സ്പായില്‍ എത്തുന്ന നിരവധി പേര്‍ക്കാണു മോഷണം അനുഭവമുണ്ടായിട്ടുള്ളത്. പലരും മാനഹാനി ഭയന്ന് പരാതി നല്‍കാനോ സംഭവം പുറത്തു പറയാനോ തയാറാകുന്നില്ല.
സ്പാ സെന്ററുകളില്‍ ലൈസന്‍സും, ഡോക്ടര്‍മാരും അംഗീകൃത മസാജര്മാരും ഉണ്ടാകണമെന്നാണ് ചട്ടം. എന്നാല്‍ ഒട്ടുമിക്ക സ്പാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തിയാണ്. ഏറെ നാളായി ജില്ലയില്‍ ഒരു സ്ഥലത്തും പരിശോധനകള്‍ നടന്നിട്ടില്ല. ഇന്നലെ മുതല്‍ ജില്ലയില്‍ പരാതികളുള്ള ചില സ്പാ സെന്ററുകളില്‍ പോലീസ് പരിശോധകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്തില്‍ നിന്നുള്ള വനിതകളടക്കം സ്പാ സെന്ററുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ പലരും ചൂഷണം ചെയ്യപ്പെടുകയാണെന്ന ആക്ഷേപവും ശക്തമാണ്.
