കോഴിക്കോട്: പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
ഇന്നലെ വൈകിട്ട് താമരശേരിയില്‍ വച്ചാണ് ഇയാള്‍ പോലീസിന്റെ പടിയിലായത്. പോലീസിനെ കണ്ടപ്പോള്‍ ഇയാള്‍ ഓടുകയും കൈയിലുള്ള പൊതി വിഴുങ്ങുകയുമായിരുന്നു. പിന്തുടര്‍ന്ന പോലീസ് ഇയാളെ പിടികൂടി. താന്‍ എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞതോടെ പോലീസ് ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്‍ഡോസ്കോപി പരിശോധനയും സ്കാനിംഗും നടത്തിയപ്പോള്‍ വയറ്റിനകത്ത് രണ്ടു പ്ളാസ്റ്റിക് കവറുകള്‍ കണ്ടെത്തി.വെളുത്ത തരികളുള്ള പൊതി എംഡിഎംഎ ആണെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു.
ഗുരുതരാവസ്ഥയിലായ ഇയാളുടെ ജീവന് രക്ഷിക്കാന്‍ മെഡിക്കല്‍ കോളജില്‍ ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. രാവിലെ പത്തരയോടെയാണ് മരണം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.
ഇയാള്‍ക്കെതിരേ മയക്കുമരുന്ന് കൈവശം വച്ചതിനു എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമിത ഡോസില്‍ എംഡിഎംഎ അകത്തുചെന്നതാകാം മരണകാരണമെന്നാണു സംശയം.