ഇനി ഇത്തരം പരിപാടികള്‍ നീ ആവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും ! നടി തൃഷയ്ക്ക് അവസാന മുന്നറിയിപ്പുമായി മീര മിഥുന്‍…

തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണനെതിരേ ഭീഷണിയുമായി തമിഴ് ബിഗ്‌ബോസിലെ വിവാദ നായിക മീര മിഥുന്‍. തൃഷ തന്റെ ഹെയര്‍ സ്‌റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര അവകാശപ്പെടുന്നു.

‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയര്‍സ്‌റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നീ നിയമ നടപടികള്‍ നേരിടേണ്ടി വരും. നിനക്കറിയാം എന്താണ് ചെയ്യുന്നതെന്ന്, നിങ്ങളുടെ മനസാക്ഷിക്ക് അറിയാം. വളരുക! സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’ മീര കുറിച്ചു. എന്നാല്‍ തൃഷ ഇതുവരെ മീരയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

ശ്രീഗണേഷ് സംവിധാനം ചെയ്ത എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്.

നാസര്‍, എം.എസ് ഭാസ്‌കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലും മീര അഭിനയിച്ചിട്ടുണ്ട്.

ബ്ലോഗിലൂടെ വിവാദപരമായ കുറിപ്പുകള്‍ പങ്കുവെയ്ക്കുന്നതാണ് മീര മിഥുന്റെ ഹോബി. കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിലെ മത്സരാര്‍ഥിയായിരുന്നപ്പോള്‍ മറ്റൊരു മത്സരാര്‍ഥിയായിരുന്ന നടന്‍ ചേരനെതിരെ ലൈംഗികാരോപണവും മീര ഉന്നയിച്ചിരുന്നു.

ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് മീരയുടെ ബിഗ്‌ബോസ് ജീവിതം അവസാനിച്ചത്.

Related posts

Leave a Comment