തൃശൂർ: ജില്ലയിൽ പുലർച്ചെ മുതൽ തുടരുന്ന അതിശക്തമായ മഴയ്ക്കും കാറ്റിനുമിടെ മിന്നച്ചുഴലിയും. വില്ലടം, ചേറൂർ മേഖലകളിൽ ഇന്നു രാവിലെയുണ്ടായ മിന്നച്ചുഴലിയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി . ഗതാഗതവും വൈദ്യുതി വിതരണവും മണിക്കൂറുകളോളം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി റോഡിലെ തടസങ്ങൾ നീക്കിയത്.
പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ വളപ്പിൽ ശക്തമായ കാറ്റിൽ വൻമരം കടപുഴകി വീണു. സ്കൂളിലെ എൽകെജി വിഭാഗത്തിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം പതിച്ചത്. ഏതാനും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടസമയത്ത് കുട്ടികളോ രക്ഷകർത്താക്കളോ വാഹനങ്ങളിലുടമകളോ സമീപത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ശബ്ദം കേട്ടോടിയെത്തിയ നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.ഇന്നും കൂടി ശക്തമായ മഴ കാലാവസ്ഥാ വകുപ്പ് നേരത്തെ ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും മഴ അതിശക്തമായതിനെ തുടർന്ന് രാവിലെ പത്ത് മണിയോടെ മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.
ജില്ലയിലെ പലയിടങ്ങളിലും കാറ്റും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ താലൂക്ക് കൺട്രോൾ റൂമുകൾ സജ്ജമാണെന്നും ജില്ലാ അധികൃതർ അറിയിച്ചു.
