കൊച്ചി: തമിഴ്നാട് പോലീസ് മാസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ വനിത ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി കൊച്ചി സിറ്റി വനിതാ പോലീസ്. നാഗര്‍കോവില്‍ സ്വദേശിയായ ഡോ. ശ്രീവിദ്യയെ(39) കണ്ടെത്തി ഇന്നലെ വൈകിട്ടോടെ മാതാപിതാക്കള്‍ക്ക് കൈമാറിയത് വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി.കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി പത്തോടെ വൈറ്റില ഹബില്‍ ഒരു യുവതി ഇരുന്ന് കരയുന്നത് പട്രോളിംഗ് സംഘം കണ്ട് കണ്ട്രോള് റൂം വാഹനത്തില്‍ ഇവരെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവര്‍ക്ക് ഓര്മയുണ്ടായിരുന്നുള്ളൂ. ഇവരെ താല്‍ക്കാലികമായി താമസിക്കുന്നതിനായി വനിതാ പോലീസ് സംഘം കാക്കനാട്ടെ സഖിയില്‍ എത്തിച്ചെങ്കിലും യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് കാക്കനാടെ സ്നേഹിതയില്‍ താല്‍ക്കാലിക അഭയം നല്കി.
എഎസ്ഐ ശര്‍മിളയുടെ മേല്‍ നോട്ടത്തില്‍ സിപിഒമാരായ അമൃത, വീണ എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സൗത്ത് ജനതാ റോഡില്‍ വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി. അവിടെ പരിശോധന നടത്തിയപ്പോള്‍ ഡോക്ടറുടെ ബാഗും ഐഫോണും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഐ ഫോണിന്റെ ലോക്ക് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഫോണ്‍ ലോക്ക് മാറ്റുന്നതിന് സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പോലീസ് സംഘം ഫോണിലുണ്ടായിരുന്ന നമ്പറില്‍ ബുധനാഴ്ച ബന്ധപ്പെട്ടപ്പോള്‍ അത് വനിതാ ഡോക്ടറുടെ മുന്‍ ഭര്‍ത്താവിന്റേതായിരുന്നു. സൈക്യാട്രിസ്റ്റായ ഇദ്ദേഹവും വനിതാ ഡോക്ടറും ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹം യുവതിയുടെ മാതാപിതാക്കളുടെ നമ്പര്‍ കൊടുത്തു. പോലീസ് അതില്‍ ബന്ധപ്പെട്ടപ്പോഴാണ് മൂന്നു മാസം മുമ്പ് നാഗര്‍കോവില്‍ പോലീസ് ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് മിസിംഗ് കേസ് എടുത്തിട്ടുള്ളതാണെന്ന വിവരം ലഭിച്ചത്.
വനിതാ ഡോക്ടര്‍ കൊച്ചിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് പോലീസ് സംഘം നാലു ദിവസം മുമ്പ് കൊച്ചിയിലെത്തി അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനാവാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ തമിഴ്നാട് പോലീസിനൊപ്പം വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെത്തി മകളുമായി നാട്ടിലേക്ക് മടങ്ങി.
- സീമ മോഹന്‍ലാല്‍
