ചെറുപ്പത്തിൽ അമ്മയായി! മകൾക്ക് അമ്മയെ തിരിച്ചറിയാൻ വേണ്ടിവന്നത് 69 വർഷത്തെ കാത്തിരിപ്പ്, അതും ഡിഎൻഎ ടെസ്റ്റിലൂടെ; സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ…

അറുപത്തൊന്പത് വർഷത്തെ ഇടവേളയ്ക്കുശേഷം ഒടുവിൽ അമ്മയും മകളും പരസ്പരം കണ്ടുമുട്ടി. ഡിസംബർ മൂന്നിന് വൈകുന്നേരം ടാമ്പയിലെ നഴ്സിംഗ് ഹോമാണ് അപൂർവസംഗമത്തിന് വേദിയായത്.

ജെനവിൻ പുരിൻടൺ (88) മകൾ കോണി മോൾട്രാഫിനെ (69) ഡിഎൻഎ ടെസ്റ്റിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇതു ഞങ്ങളുടെ ക്രിസ്മസ് സമ്മാനമാണെന്നാണ് ഇരുവരും കൂടിചേരലിനെക്കുറിച്ച് പ്രതികരിച്ചത്.

പതിനെട്ടാം വയസിലാണു ജെനവിൻ പുരിൻടന്‍ കോണിക്ക് ജന്മം നൽകിയത്. ഇത്രയും ചെറുപ്പത്തിൽ മകളെ അമ്മയായി കാണാൻ ആഗ്രഹിക്കാത്ത ജെനവിന്‍റെ മാതാപിതാക്കൾ കുട്ടി മരിച്ചു പോയി എന്നാണ് ഇവരെ ധരിപ്പിച്ചത്.

ആശുപത്രിൽ വച്ച് കുഞ്ഞിനെ കലിഫോർണിയ സാന്‍റാ ബാർബറയിലുള്ള കുടുംബം ദത്തെടുത്തു.കോണിക്ക് നാലു വയസുള്ളപ്പോൾ വളർത്തമ്മ മരിച്ചു. വളർത്തച്ചൻ രണ്ടാമതും വിവാഹിതനായി. തുടർന്നുള്ള ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്ന് കോണി പറയുന്നു.

കോണിയെ ദത്തെടുത്തതാണെന്നുള്ള കാര്യം ഇവരും വളർത്തച്ചനും മറച്ചു വച്ചു. ഒടുവിൽ സത്യം മനസിലായപ്പോൾ കോണിയുടെ മകൾ ബോണി ചെയ്സാണ് ഡിഎൻഎ ടെസ്റ്റ് കിറ്റ് വാങ്ങി നൽകി ശരിയായ അമ്മയെ കണ്ടെത്താൻ സഹായിച്ചത്.

സെപ്റ്റംബർ 8 നായിരുന്നു കോണിയുടെ മാതാവിൽ നിന്നും ആദ്യ ഫോൺ കോൾ ലഭിച്ചത്. തുടർന്ന് ഇരുവരും ഫോണിൽ സംസാരിച്ചു. ആദ്യമായി അമ്മയെ കണ്ടു മുട്ടിയപ്പോൾ ഉണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നുവെന്നാണ് ഇതിനു സാക്ഷിയായ കോണിയുടെ മകൾ ബോണി അഭിപ്രായപ്പെട്ടത്.

പി.പി. ചെറിയാൻ

Related posts