ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മാത്രമായാല്‍ പോര ഇന്റര്‍നെറ്റ് ലോകം അടക്കിഭരിക്കുകയും വേണം ! അംബാനിയുടെ പുതിയ മോഹം കേട്ട് ചങ്കിനു തീപിടിച്ച് ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍

മറ്റു ടെലികോം കമ്പനികളുമായി താരതമ്യം ചെയ്താല്‍ കണ്ണടച്ചു തുറക്കും വേഗത്തിലാണ് മുകേഷ് അംബാനിയുടെ ജിയോ ഇന്ത്യ പിടിച്ചടക്കിയത്. ജിയോയുടെ വരവോടു കൂടി ഉപയോക്താക്കളെ പിഴിഞ്ഞിരുന്ന മറ്റു ടെലികോം കമ്പനികള്‍ക്ക് കനത്ത ക്ഷീണമായി. നഷ്ടത്തെത്തുടര്‍ന്ന് ഐഡിയ-വോഡഫോണ്‍ ലയനം വരെ നടന്നു. ജിയോയുടെ ഫ്രീ പരിപാടിയ്‌ക്കെതിരേ ട്രായ്ക്കു പല തവണ പരാതി നല്‍കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല.

ഇപ്പോള്‍ മുകേഷ് അംബാനിയുടെ പുതിയ മോഹം കേട്ട് ഇവരുടെ നെഞ്ചിലെ തീ ഒന്നു കൂടി ആളിക്കത്തുകയാണ്. രാജ്യത്തുനിന്നുള്ള ആദ്യത്തെ ‘ഇന്റര്‍നെറ്റ് ശതകോടീശ്വരനാകണമെന്ന മോഹമാണ് അംബാനിയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത് എന്നാണ് ലണ്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രമുഖ സാമ്പത്തിക മാസികയായ ‘ദി ഇക്കണോമിസ്റ്റ്’ പറയുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ അദ്ദേഹം ഇപ്പോള്‍ തന്നെ ഇന്ത്യക്കാരനായ ഏറ്റവും വലിയ ശതകോടീശ്വരനാണ്. ജിയോയിലൂടെ 4ജി ടെലികോം സേവനം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. കുറഞ്ഞ ചെലവില്‍ 4ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയ ജിയോ ഇതിനോടകം 28 കോടി വരിക്കാരെ സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ മേധാവി ജെഫ് ബെസോസ്, ആലിബാബയുടെ മേധാവി ജാക് മാ എന്നിവരെ പോലെ ജിയോയിലൂടെ തന്നെ ഇന്ത്യയില്‍നിന്നുള്ള ഏറ്റവും വലിയ ഇന്റര്‍നെറ്റ് അധിപനാകാനാണ് അദ്ദേഹം ഒരുങ്ങുന്നതെന്ന് ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

ടെലികോം രംഗത്തെ മറ്റു കമ്പനികള്‍ ലാഭമുണ്ടാക്കാന്‍ കഷ്ടപ്പെടുമ്പോള്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിച്ചിട്ടും ലാഭത്തിലെത്തിയിരിക്കുകയാണ് ജിയോ. 2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നുമാസക്കാലയളവില്‍ 831 കോടി രൂപയാണ് ജിയോയില്‍ നിന്നുള്ള ലാഭം. ടെലികോം സേവനത്തിലുപരി ജിയോ ടിവി., ജിയോ മാഗസിന്‍സ് തുടങ്ങിയ ആപ്പുകളിലൂടെ കണ്ടന്റും ലഭ്യമാക്കുന്നുണ്ട്. റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് ജിയോ എന്നിവയുടെ പിന്തുണയോടെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്കു കൂടി ചുവടുവയ്ക്കാനൊരുങ്ങുകയാണ് മുകേഷ് അംബാനി ഇപ്പോള്‍. ഗുജറാത്തില്‍നിന്നായിരിക്കും തുടക്കം. ചിന്തിക്കുന്ന കാര്യം അടുത്ത സെക്കന്‍ഡില്‍ നടപ്പാക്കി ശീലമുള്ള അംബാനിയുടെ ഈ മോഹം ഇന്ത്യയിലെ പല കമ്പനികളെയും ഇതിനോടകം തന്നെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Related posts