പരവൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തമിഴ്നാടും പുതുച്ചേരിയും സന്ദർശിക്കും. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 7,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനം പൂർത്തിയാക്കി ഇന്ന് രാത്രി ഒമ്പതോടെ പ്രധാനമന്ത്രി ചെന്നൈയിലെത്തും.
നാളെ രാവിലെ 11.45-ന് പുതുച്ചേരിയിലെത്തുന്ന പ്രധാനമന്ത്രി 2,700 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. നഗരസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സുസ്ഥിര വളർച്ചയ്ക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്.
മധുരയിൽ 4,400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ദേശീയപാത വികസനം ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു. മരക്കാനം-പുതുച്ചേരി സെക്ഷൻ നാലുവരിപ്പാതയാക്കുന്നതോടെ യാത്രാസമയം പകുതിയായി കുറയും. മഹാബലിപുരം, ഓറോവിൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാകും.
പരമകുടി – രാമനാഥപുരം പാത നാലുവരിപ്പാതയാക്കുന്നതോടെ മധുര, രാമേശ്വരം, ധനുഷ്കോടി എന്നിവിടങ്ങളിലേക്കുള്ള തീർഥാടനം വേഗത്തിലാകും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി തമിഴ്നാട്ടിലെ എട്ട് റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു.
മൊറപ്പൂർ, ബൊമ്മിടി, ശ്രീവില്ലിപുത്തൂർ, ചോളവന്താൻ, മണപ്പാറ, പൊള്ളാച്ചി ജംഗ്ഷൻ, കാരൈക്കുടി ജംഗ്ഷൻ, തിരുവാരൂർ ജംഗ്ഷൻ എന്നിവയാണ് നവീകരിച്ചത്. ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ആധുനിക വെയ്റ്റിംഗ് ഹാളുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെന്നൈ ബീച്ച്-ചെന്നൈ എഗ്മോർ നാലാം റെയിൽപ്പാതയും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും.
സന്ദർശനത്തിനിടെ പ്രധാനമന്ത്രി തിരുപ്പരൻകുണ്ട്രം അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. കൂടാതെ കുംഭകോണം, യേർക്കാട്, വെല്ലൂർ എന്നിവിടങ്ങളിൽ പുതിയ ആകാശവാണി എഫ്.എം ട്രാൻസ്മിറ്ററുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
