ന്യൂഡൽഹി: ജപ്പാനിലെ ഐച്ചി നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡലുകൾ കരസ്ഥമാക്കിയ കായികതാരങ്ങളെ ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 15ന് വൈകുന്നേരം 4.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കായികവേദിയിൽ ഇന്ത്യ നേടിയ നേട്ടങ്ങൾ ആഘോഷിക്കാനും താരങ്ങളുടെ മികവിനെ അംഗീകരിക്കാനുമാണ് കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്.
2026 ഏഷ്യൻ ഗെയിംസിൽ 21 സ്വർണം ഉൾപ്പെടെ ആകെ 85 മെഡലുകൾ നേടി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അമ്പെയ്ത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ ഒമ്പത് മെഡലുകളാണ് നേടിയത്. ഗുസ്തിയിൽ രണ്ട് സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ ആറ് മെഡലുകൾ സ്വന്തമാക്കി. ബോക്സിംഗിൽ മൂന്ന് സ്വർണവും മൂന്ന് വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകൾ ലഭിച്ചു.
പുരുഷ-വനിതാ ഹോക്കി ടീമുകൾ സ്വർണം നേടിയപ്പോൾ, ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും പാകിസ്ഥാനെ തോൽപ്പിച്ച് പുരുഷ ക്രിക്കറ്റ് ടീമും ചാമ്പ്യൻപട്ടം നിലനിർത്തി. അത്ലറ്റിക്സിൽ ഒരു സ്വർണം, ഒൻപത് വെള്ളി, 14 വെങ്കലം എന്നിവയുൾപ്പെടെ 24 മെഡലുകൾ നേടി.
ഷൂട്ടിംഗിൽ മൂന്ന് സ്വർണം, എട്ട് വെള്ളി, നാല് വെങ്കലം എന്നിവയുൾപ്പെടെ 15 മെഡലുകളും ഇന്ത്യ സ്വന്തമാക്കി. വിവിധ കായിക ഇനങ്ങളിലെ താരങ്ങളുടെ ഈ നേട്ടങ്ങളെ ആദരിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നത്.
