പരവൂർ: ദേശീയ ബ്രോഡ്ബാൻഡ് മിഷൻ (എൻബിഎം 2.0) പദ്ധതി നടപ്പിലാക്കിയതോടെ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് ഉപയോഗത്തിലും വേഗത്തിലും വൻ വർധന രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം 100 പേരിൽ 45.03 ആയിരുന്നത് 48.31 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഡിജിറ്റൽ ആശയവിനിമയ ശൃംഖല വിപുലീകരിക്കാനും ഗ്രാമീണ-നഗര പ്രദേശങ്ങൾ തമ്മിലുള്ള സാങ്കേതിക വിടവ് നികത്താനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ വലിയ മുന്നേറ്റമാണ് കൈവരിക്കാനായത്. ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ശരാശരി ഫിക്സഡ് ബ്രോഡ്ബാൻഡ് ഡൗൺലോഡ് വേഗം 60.85 എംബിപിഎസ് ആയി ഉയർന്നു.
സ്കൂളുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ, പഞ്ചായത്ത് ഓഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ 21.82 ലക്ഷത്തിലധികം ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.പുതിയ ഭാരത്നെറ്റ് പദ്ധതിയിലൂടെ രാജ്യത്തെ 2.65 ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളിലും 3.8 ലക്ഷത്തോളം പഞ്ചായത്തിതര ഗ്രാമങ്ങളിലും ആവശ്യാനുസരണം ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഈ വർഷം ജൂൺ വരെ 43,908 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുകയും 13,494 ഗ്രാമപഞ്ചായത്തുകൾ നവീകരിക്കുകയും ചെയ്തിട്ടുണ്ട്.ഡിജിറ്റൽ ഭാരത് നിധിയുടെ സാമ്പത്തിക സഹായത്തോടെ ഗ്രാമീണ, വനാന്തര, വിദൂര മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണ്.
മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള റൈറ്റ് ഓഫ് വേ അനുമതികൾ നൽകുന്നതിലെ കാലതാമസം പകുതിയിലധികം കുറയ്ക്കാൻ സാധിച്ചത് പദ്ധതിയുടെ വേഗത കൂട്ടി. കൂടാതെ മൊബൈൽ ടവറുകളിൽ സുസ്ഥിര ഊർജത്തിന്റെ ഉപയോഗം എട്ട് ശതമാനത്തിൽ നിന്ന് 11.44 ശതമാനമായി വർധിച്ചതായും അധികൃതർ വ്യക്തമാക്കി.
- എസ്. ആർ സുധീർ കുമാർ
