ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചത് കരിയറിലെ ഏറ്റവും മോശം തീരുമാനമായിരുന്നു! തിരക്കഥ പറഞ്ഞതുപോലെയല്ല ചിത്രം പുറത്തു വന്നപ്പോള്‍ കണ്ടത്; സിനിമ പോലും വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് നയന്‍താര

ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം കാലങ്ങളായി സ്വന്തം പേരില്‍ സൂക്ഷിക്കുന്ന നടിയാണ് നയന്‍താര. എങ്കിലും ഏതൊരു നടിയുടെയും ജീവിതത്തില്‍ എന്നതുപോലെ തന്റെ അഭിനയ ജീവിതത്തിലും ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് നയന്‍താര. താന്‍ അഭിനയിച്ച ഒരു പ്രത്യേക സിനിമയെക്കുറിച്ചാണ് താരം അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

സിനിമ ജീവിതത്തില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചുമുള്ള നയന്‍താരയുടെ വെളിപ്പെടുത്തല്‍ വലിയ തോതില്‍ ചര്‍ച്ചയായിട്ടുമുണ്ട്, സിനിമാ ലോകത്തില്‍. സൂര്യ നായകനായത്തെത്തിയ ഗജിനി എന്ന ചിത്രത്തിലെ വേഷം ചെയ്യേണ്ടിയിരുന്നില്ല എന്നാണ് നയന്‍താര പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഗജിനിയില്‍ അഭിനയിച്ചത് തന്റെ മോശം തീരുമാനമാണെന്നും നയന്‍താര പറയുന്നു. ‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു’- നയന്‍താര പറഞ്ഞു

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരുന്നു ഗജിനി. പിന്നീട അമീര്‍ ഖാനെ നായകനാക്കി ഹിന്ദിയിലും സിനിമ എടുത്തിരുന്നു. ‘കഥ ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു’- നയന്‍താര കൂട്ടിച്ചേര്‍ത്തു.

Related posts