സംക്രാന്തിയിലെ ചിരിയഴക്! എ​നി​ക്കു വി​ദ്യാ​ഭ്യാ​സ​മി​ല്ല. പ്ര​ത്യേ​കി​ച്ച് ഒ​രു തൊ​ഴി​ലും അ​റി​യു​ക​യു​മി​ല്ല; ന​സീ​ർ സം​ക്രാ​ന്തി സംസാരിക്കുന്നു…

ടി.ജി.ബൈജുനാഥ്

മു​ണ്ട് മ​ട​ക്കി​ക്കു​ത്തി ക​ക്ഷ​ത്തി​ൽ ഡ​യ​റി​യും തി​രു​കി ‘ക​മ​ലാ​സ​ന’ വേ​ഷ​ത്തി​ൽ ന​സീ​ർ സം​ക്രാ​ന്തി വ​രു​ന്ന​തോ​ടെ ജനം ചി​രി​ച്ചു​തു​ട​ങ്ങും.

ജീ​വി​ത​വ​ഴി​ക​ളി​ലെ നൊന്പര ങ്ങൾ ഉള്ളിലൊതുക്കി മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി നാ​ട്ടു​കാ​രെ ചി​രി​പ്പി​ക്കു​ക​യാ​ണ് മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള സം​സ്ഥാ​ന ടെ​ല​ിവി​ഷ​ൻ പു​ര​സ്കാ​രം ര​ണ്ടാം ത​വ​ണ​യും നേ​ടി​യ ന​സീ​ർ സം​ക്രാ​ന്തി.

അ​മൃ​ത ടിവി​യി​ലെ കോ​മ​ഡി മാ​സ്റ്റേ​ഴ്സ്, മ​ഴ​വി​ൽ മ​നോ​ര​മ​യി​ലെ ത​ട്ടീം മു​ട്ടീം എ​ന്നി​വ​യി​ലെ മി​ക​വി​നാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​രം. നടൻ നസീർ സംക്രാന്തിയുടെ വിശേഷങ്ങളിലേക്ക്…

പി​ന്നീ​ടു സ്കൂ​ളി​ൽ പോ​യി​ല്ല

ഉ​മ്മ​യു​ടെ വീ​ട് സം​ക്രാ​ന്തി​യി​ൽ. വാ​പ്പ​യു​ടെ വീ​ട് ത​ല​യോ​ല​പ്പ​റ​ന്പി​ലും. ഞ​ങ്ങ​ൾ അ​ഞ്ചു പേ​രാ​ണ്. രണ്ടാമനാണു ഞാൻ. എ​നി​ക്ക് ഏ​ഴു വ​യ​സു​ള്ള​പ്പോ​ൾ വാ​പ്പ മ​രി​ച്ചു.

ഞ​ങ്ങ​ൾ സം​ക്രാ​ന്തി​യി​ലേ​ക്കു വ​ന്നു. പി​ന്നെ​യ​ങ്ങോ​ട്ടു ജീ​വി​തം നി​റ​യെ ദു​രി​ത​ങ്ങ​ളാ​യി​രു​ന്നു. വീ​ടി​ന​ടു​ത്ത് മ​ല​ബാ​റി​ൽ നി​ന്നു വ​ന്ന ഒ​രു കു​ടും​ബം താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഉ​മ്മ അ​വി​ടെ വേ​ല​യ്ക്കു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​മ്മ​യെ സ​ഹാ​യി​ക്കാ​ൻ ഞാ​നും കൂടെ നി​ൽ​ക്കു​ന്ന​തു ക​ണ്ടപ്പോൾ അ​വ​ർ പ​റ​ഞ്ഞി​ട്ടാണ് എ​ന്നെ തി​രൂ​ര​ങ്ങാ​ടി​യി​ലെ യ​ത്തീം​ഖാ​ന​യി​ൽ പ​ഠി​ക്കാ​നയ​ച്ച​ത്. ഒരു വർഷം അവിടെ നിന്നു പഠിച്ചു.

അ​ങ്ങ​നെ ആ​റി​ലേ​ക്കു ജ​യി​ച്ചു. നൊ​യ​ന്പി​ന്‍റെ അ​വ​ധി​ക്കു ഞാ​ൻ സം​ക്രാ​ന്തി​യി​ലേ​ക്കു വ​ന്നു. പി​ന്നെ തി​രി​ച്ചു​പോ​യി​​ല്ല. പ​ഠി​ക്കാ​നും പോ​യി​ല്ല. ലോ​ട്ട​റി ക​ച്ച​വ​ടം മു​ത​ൽ പ​ല പ​ല ജോ​ലി​ക​ളി​ലും ഏ​ർ​പ്പെ​ട്ടു.

ക​ലാ​ബോ​ധ​മു​ണ്ട്, ക​ള​യ​രു​ത്…

സം​ക്രാ​ന്തി പെ​രു​ന്പാ​യി​ക്കാട് എ​സ്എ​ൻ എ​ൽ​പി സ്കൂ​ളി​ൽ നാ​ലിൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ആ​ദ്യ​മാ​യി സ്്റ്റേ​ജി​ൽ ക​യ​റി​യ​ത്. മി​മി​ക്രി​യെ​ന്ന​ല്ല എ​ല്ലാ​ത്തി​ലും ക​യ​റി കൈ ​കൊ​ടു​ത്തിരുന്നു.

അ​ന്ന് ക​ലാ​ഭ​വ​ന്‍റെ​യൊ​ക്കെ കാ​സ​റ്റ് കേ​ട്ടു പ​ഠി​ച്ച് സ്കി​റ്റു​ക​ളാ​ണു ചെ​യ്തി​രു​ന്ന​ത്. കാസറ്റിൽ പറയുന്നതു കൂടാതെ അ​ഡീ​ഷ​ണ​ൽ കോ​മ​ഡി ക​യ്യി​ൽ നി​ന്നു ചേ​ർ​ക്കു​മാ​യി​രു​ന്നു.

അധ്യാപകരെ​ക്കു​റി​ച്ചും ത​മാ​ശ​ക​ല​ർ​ത്തി പ​റ​യു​മാ​യി​രു​ന്നു. അ​തൊ​ക്കെ അവർ താ​ത്പ​ര്യത്തോടെ കണ്ടു. നി​ന​ക്കു ന​ല്ല ക​ലാ​ബോ​ധ​മു​ണ്ട്. നീ​യ​തു ക​ള​യ​രു​ത്. സൂ​ക്ഷി​ക്ക​ണം – ദേ​വ​സ്യ സാ​ർ എ​ന്നോ​ടു പ​റ​ഞ്ഞു.

കട്ടൻകാപ്പിയും ബോണ്ടയും!

പ​തി​നാ​റു വ​യ​സൊ​ക്കെ ആ​യ​പ്പോ​ൾ ഒ​ന്നു ര​ണ്ടു കൂ​ട്ടു​കാ​രെ​യൊ​ക്കെ കൂ​ട്ടി അന്പല ങ്ങളിലെ ഉത്സവങ്ങളിലും ക്ല​ബു​ക​ളി​ലു​മൊ​ക്കെ സ്കി​റ്റ് ചെ​യ്യാ​ൻ അ​വ​സ​രം ചോ​ദി​ച്ചു പോ​യി. അ​വി​ടെ പ്രതിഫലം ക​ട്ട​ൻ​കാ​പ്പി​യും ബോ​ണ്ട​യും മാ​ത്ര​ം!

പ​ലപ്പോഴും പരിപാടി കഴിഞ്ഞു ന​ട​ന്നാ​ണ് വീ​ട്ടി​ൽ വ​ന്നി​രു​ന്ന​ത്. കു​മ​ര​ക​ത്തു നി​ന്നൊ​ക്കെ ന​ട​ന്നി​ട്ടു​ണ്ട്… സം​ക്രാ​ന്തി വ​രെ​യും. തൊ​ണ്ണൂ​റു​ക​ളി​ൽ ജ​ന​നി​യു​ടെ ഗാ​ന​മേ​ള ട്രൂ​പ്പി​ൽ ഞ​ങ്ങ​ൾ മൂ​ന്നു പേ​ർ ഗ്യാപ്പിനു കയറി സ്കി​റ്റു ക​ളി​ച്ചു.

പി​ന്നീ​ടു മം​ഗ​ളം ട്രൂ​പ്പി​ൽ ചേ​ർ​ന്നു. കോ​ട്ട​യം ന​സീ​ർ ട്രൂ​പ്പ് തു​ട​ങ്ങി​യ​പ്പോ​ൾ അ​തി​ലേ​ക്കു പോ​യി. ഡി​ഡി മ​ല​യാ​ളം തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ചാ​ന​ലു​ക​ളി​ലും സ്റ്റേ​ജ് ഷോ ​ചെ​യ്തി​രു​ന്നു.

പു​റ​ന്പോ​ക്കി​ലെ ഷെഡ്

സം​ക്രാ​ന്തി​യി​ൽ ഒ​രു ഇ​റ​ച്ചി​ക്ക​ട​യു​ടെ സൈ​ഡി​ലു​ള്ള ചാ​യ്പി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്പോ​ൾ കു​ടി​കി​ട​പ്പ് അ​വ​കാ​ശം കൊ​ടു​ക്കേ​ണ്ടി വ​രു​മോ എ​ന്നു ഭ​യ​ന്ന് അ​വി​ടെ​നി​ന്നു രാ​ത്രി​യി​ൽ ഞ​ങ്ങ​ളെ ഇ​റ​ക്കി​വി​ട്ടു.

അ​ങ്ങ​നെ​യാ​ണ് റെ​യി​ൽ​വേ പു​റം​പോ​ക്കി​ൽ പ​ത്ത​ലു കു​ത്തി ഷെ​ഡ് വ​ച്ചത്. അ​വി​ടെ അ​ഞ്ചാ​റു വ​ർ​ഷം താ​മ​സി​ച്ചു. അക്കാലത്തും സ്റ്റേ​ജ് പ​രി​പാ​ടി​ക്കു പോ​കു​ന്നു​ണ്ടാ​യി​രു​ന്നു.

ചി​രി​പ്പി​ക്കു​ന്നവരിൽ മിക്കവരുടെയും മ​ന​സി​ൽ ഇ​തു​പോ​ല​ ഒ​രു​പാ​ടു പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വും. അ​ത് ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ലേ പ​റ​യുകയുള്ളൂ. അ​ല്ലാ​തെ, ന​മു​ക്കു പ​റ​ഞ്ഞോ​ണ്ടു ന​ട​ക്കാ​ൻ പ​റ്റു​മോ..!

ത​ട്ടീം മു​ട്ടീം കാര്യങ്ങൾ

ത​ട്ടീം മു​ട്ടീം പ​രി​പാ​ടി​യി​ൽ വ​ന്ന​പ്പോ​ഴാ​ണ് വ​ലി​യ ആളുകൾക്കൊപ്പം നി​ന്ന് സ്വാ​ത​ന്ത്ര്യ​ത്തോ​ടെ വേഷം ചെ​യ്യാ​ൻ ഒ​രി​ടം കി​ട്ടി​യ​ത്. അ​തി​നു ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത് അ​ന്ന് ആ ​പ​രി​പാ​ടി ഡ​യ​റ​ക്ട് ചെ​യ്ത ഉണ്ണിച്ചേ​ട്ട​നോ​ടാ​ണ്.

ഉണ്ണി​ച്ചേ​ട്ട​ൻ അ​മൃ​താ ടീ​വി​യി​ലു​ള്ള​പ്പോ​ൾ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ൾ ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​ന്‍റെ സു​ഹൃ​ത്താ​ണ്.

ത​ട്ടീം മു​ട്ടീം തു​ട​ങ്ങി​യ​പ്പോ​ൾ കെ​പി​എ​സി ല​ളി​ത, മ​ഞ്ജു​പി​ള്ള, ജ​യ​ൻ ചേ​ട്ട​ൻ, ഭാഗ്യലക്ഷ്മി, സിദ്ധാർഥ് എ​ന്നി​വ​രേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​വ​സ​ര​മു​ണ്ടെ​ങ്കി​ൽ വി​ളി​ക്ക​ണേ എ​ന്നു ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞി​രു​ന്നു. ഒരു ദിവസം എന്നെ അതിൽ ഒ​രു വേ​ഷം ചെ​യ്യാ​ൻ വി​ളി​ച്ചു.

അന്നു ക​മ​ലാ​സ​ന​ൻ എന്ന് ആ​യി​രു​ന്നി​ല്ല ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഞാൻ ചെയ്തത് അ​വ​ർ​ക്കെ​ല്ലാം ഇ​ഷ്ട​മായി. അ​ടു​ത്ത ഷെ​ഡ്യൂ​ളി​ൽ ഒ​രു ദി​വ​സം കൂ​ടി വി​ളി​ച്ചു. പി​ന്നെ​യ​തു ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി. ക്രമേണ എ​ല്ലാ ദി​വ​സ​വു​മാ​യി.

സു​ന്ദ​ര​പു​രു​ഷ​ൻ

കോ​ട്ട​യം ന​സീ​റി​ന്‍റെ റിഹേഴ്സൽ ക്യാ ന്പിൽ നി​ൽ​ക്കു​ന്പോ​ൾ ജോ​സ്തോ​മ​സ് സാ​ർ, ജോ​ണി ആ​ന്‍റ​ണി ചേ​ട്ട​ൻ, മാ​ർ​ത്താ​ണ്ഡ​ൻ തു​ട​ങ്ങി പ​ല​രും അ​വി​ടെ വ​രു​മാ​യി​രു​ന്നു.

അ​വ​രൊ​ക്കെ പ​ടം ചെ​യ്ത​പ്പോ​ൾ എ​ന്നെ വി​ളി​ച്ചു. സു​ന്ദ​ര​പു​രു​ഷ​നിൽ ജോ​സ് തോ​മ​സ് സാ​ർ എ​നി​ക്ക് അ​റ്റ​ൻ​ഡ​റു​ടെ വേ​ഷം ത​ന്നു.

സു​ന്ദ​ര​പു​രു​ഷ​നാ​ണ് എന്‍റെ ആ​ദ്യ സി​നി​മ. വി​ല്ലാ​ളി​വീ​ര​ൻ, സ്വ​ർ​ണ​ക്ക​ടു​വ, വെ​ൽ​ക്കം​ ടു സെ​ൻ​ട്ര​ൽ ജ​യി​ൽ എന്നിവയിൽ സാമാന്യം നല്ല വേ​ഷ​ങ്ങ​ൾ.‌‌ സ്വ​ർ​ണ​ക്ക​ടു​വയിൽ ത്രൂ​ഒൗ​ട്ട് കാ​ര​ക്ട​ർ വേ​ഷം.

കപ്പേള, ജിബൂട്ടി

ത​ട്ടീം മു​ട്ടീം ക​ണ്ടി​ട്ടാ​ണ് ഇ​പ്പോ​ൾ സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു സീ​നേ ഉ​ള്ളു​വെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ന​ല്ല സീ​നാ​ണ് ഡ​യ​റ​ക്ട​ർ​മാ​ർ വി​ളി​ച്ചു ത​രു​ന്ന​ത്.

അ​തി​ൽ ഒ​രു കാ​ര​ക്ട​ർ ഉ​ണ്ടാ​വും. വേ​റെ റെ​ക്ക​മെൻഡ് ഇ​ല്ലാ​തെ ഡ​യ​റ​ക്ട​ർ​മാ​ർ നേ​രി​ട്ടു വി​ളി​ച്ചു വേ​ഷം ത​രു​ന്ന​തു വ​ലി​യ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​ം.

ഈ ​അ​വാ​ർ​ഡി​നു മു​ന്നേ ത​ന്നെ മൂ​ന്നു പ​ട​ങ്ങ​ളി​ലേ​ക്കു പ​റ​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ക​പ്പേ​ള​യി​ലും ന​ല്ല വേ​ഷ​മായിരുന്നു. ജിബൂട്ടിയാണ് കൊറോ ണയ്ക്കു മുന്പു ചെയ്ത പടം.

ദ പ്രീസ്റ്റ്

ഇതുവരെ നാ​ല്പ​തി​ലേ​റെ സി​നി​മ​ക​ൾ ചെ യ്തു. കോ​മ​ഡി പാ​റ്റേ​ണി​ൽ നി​ന്നു മാ​റി​യു​ള്ള കാരക്ടർ വേ​ഷ​ങ്ങ​ൾ ഇ​ട​യ്ക്കു കി​ട്ടാ​റു​ണ്ട്. മ​മ്മൂ​ക്ക​യു​ടെ ദ ​പ്രീ​സ്റ്റി​ൽ അ​ത്ത​ര​മൊ​രു വേ​ഷ​മാ​ണ്.

ത​ട്ടീം മു​ട്ടീ​മി​ലെ ഒ​ന്നും ത​ന്നെ ഇ​തി​ൽ വ​രു​ന്നി​ല്ല​ല്ലോ, ഇ​തു വേ​റെ ശൈ​ലി​യാ​ണ​ല്ലോ എ​ന്ന് പ​ല ഡ​യ​റ​ക്ട​ർ​മാ​രും പ​റ​യാ​റു​ണ്ട്. പ​ക്ഷേ, ചി​ല​ർ ത​ട്ടീം മു​ട്ടീ​മി​ലേ​തു പോ​ലെ മു​ടി ചീ​കാ​നും അ​തു​പോ​ലെ ചെ​യ്യാ​നു​മൊ​ക്കെ പ​റ​യാ​റു​ണ്ട്.

അ​തി​ൽ അ​ങ്ങ​നെ ചെ​യ്യു​ന്നു​ണ്ട​ല്ലോ ഇ​തി​ൽ വേ​റെ ഒ​ന്നു മാ​റി ചി​ന്തി​ക്കാം എ​ന്നാ​ണ് അ​പ്പോ​ൾ അ​വ​രോ​ടു ഞാ​ൻ പ​റ​യാ​റു​ള്ള​ത്. സീ​രി​യ​സ് കാ​ര​ക്ട​ർ വേ​ഷ​ങ്ങ​ൾ ചെ​യ്യാ​നും ആ​ഗ്ര​ഹ​മു​ണ്ട്.

ഏ​തു റോ​ളും വ​ഴ​ങ്ങ​ണം

കോ​മ​ഡി ചെ​യ്യു​ന്ന​വ​ർ​ക്ക് എ​ന്ന​ല്ല, അ​ഭി​ന​യി​ക്കു​ന്ന​വ​ർ​ക്ക് ഏ​തു റോ​ളും വ​ഴ​ങ്ങ​ണ​ം. സ​ങ്ക​ട​വും ചി​രി​യും മ​റ്റു​ള്ള വി​കാ​ര​ങ്ങ​ളും കൂ​ടി ക​ല​ർ​ന്ന​താ​ണ​ല്ലോ അ​ഭി​നേ​താ​വ്. ചി​ല​ർ ചി​ല​തു ചെ​യ്യു​ന്പോ​ൾ അ​ത​ങ്ങു ക്ലി​ക്കാ​വും. ചി​ല​തു ഫ്ളോ​പ്പാ​കും. അ​ത്രേ​യു​ള്ളൂ.

കോ​മ​ഡി ചെ​യ്യു​ന്ന ഒ​രാ​ളെ ഡ​യ​റ​ക്ട​ർ​ക്കു വി​ശ്വാ​സം തോ​ന്നി വ്യ​ത്യ​സ്ത​മാ​യ കാ​ര​ക്ട​ർ റോ​ൾ ഏ​ൽ​പ്പി​ച്ചാ​ൽ അ​യാ​ൾ ആ ​ക​ഥാ​പാ​ത്ര​ത്തെ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളും. അതുവരെ ചെ​യ്്തു​വ​ന്ന ശൈ​ലി ത​ന്നെ മാ​റ്റും. അ​ത് ഓ​ട്ടോ​മാ​റ്റി​ക്കാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്.

ഓ​ഡി​യ​ൻ​സി​നു സ്നേ​ഹ​മാ​ണ്

എ​ന്‍റെ കോ​മ​ഡി​യൊ​ക്കെ ഏ​തു രീ​തി​യി​ലാ​ണ് ജ​നം എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും എ​ന്തു ക​ണ്ടി​ട്ടാ​ണ് അ​വ​ർ ചി​രി​ക്കു​ന്ന​തെ​ന്നും അ​റി​യി​ല്ല. പ​ക്ഷേ, ഓ​ഡി​യ​ൻ​സി​നൊ​ക്കെ വ​ലി​യ ഇ​ഷ്ട​വും സ്നേ​ഹ​വു​മാ​ണ്.

ഈ ​കൊ​റോ​ണ​ക്കാ​ല​ത്ത് ടി​ക് ടോ​ക്കി​ൽ ഉ​ൾ​പ്പെ​ടെ രാ​ഷ്്ട്രീ​യ​ക്കാ​രെ ട്രോ​ളു​ന്ന എ​റെ വീ​ഡി​യോ​ക​ളും ട്രോ​ളു​ക​ളും വ​ന്ന​ത് ത​ട്ടീം മു​ട്ടീ​മി​ലെ കു​റേ പീ​സു​ക​ൾ എ​ടു​ത്തി​ട്ടാ​ണ്. അ​തൊ​ക്കെ കാ​ണു​ന്ന​തു ത​ന്നെ സ​ന്തോ​ഷ​മ​ല്ലേ.

ക​ഥാ​പാ​ത്ര​മാ​കുന്നത്

ഇ​താ​ണു നി​ങ്ങ​ളു​ടെ കാ​ര​ക്ട​ർ എ​ന്നു ഡ​യ​റ​ക്ട​ർ പ​റ​യു​ന്പോ​ൾ അ​താ​കാ​ൻ ശ്ര​മി​ക്കും. പോ​രാ​യ്മ​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​ർ പ​റ​ഞ്ഞു​ത​രും. പി​ന്നീ​ട് ആ ​രീ​തി​യി​ൽ ചെ​യ്യും. ത​ട്ടീം മു​ട്ടീ​മീ​ലെ ആ ​കോ​സ്റ്റ്യൂ​മും മീ​ശ​യു​മൊ​ക്കെ വ​ച്ചു ക​ഴി​യു​ന്പോ​ൾ അ​തി​ലെ ക​മ​ലാ​സ​ന​നാ​യി മാ​റും.

ത​ട്ടീം മു​ട്ടീം വി​ടില്ല

ഒ​രാ​ർ​ട്ടി​സ്റ്റി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം സി​നി​മ ത​ന്നെ​യാണ്. സി​നി​മ​ക​ൾ​ക്കൊ​പ്പം ത​ട്ടീം മു​ട്ടീം, കോ​മ​ഡി പ​രി​പാ​ടി​ക​ൾ, സ്കി​റ്റു​ക​ൾ എ​ന്നി​വ​യും ചെ​യ്യ​ണം. സീ​രി​യ​ലു​ക​ളി​ൽ നി​ന്നു ധാ​രാ​ളം വി​ളി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, മാ​ക്സി​മം ഒ​ഴി​വാ​യി നി​ൽ​ക്കു​ക​യാ​ണ്.

എ​ല്ലാം കൂ​ടി ഏ​റ്റു ക​ഴി​ഞ്ഞാ​ൽ പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​വും. പോ​യാ​ൽ സി​നി​മ​ക​ൾ പ​ല​തും ന​ഷ്ട​മാ​കും. മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും വി​ജ​യ് സേ​തു​പ​തി​യു​ടെ​യും കൂ​ടെ​യു​ള്ള പ​ട​ങ്ങ​ൾ അ​ങ്ങ​നെ പോ​യി​ട്ടു​ണ്ട്.

വീടുപണി മുടങ്ങി

എ​ന്ന​പ്പോ​ലെ​യു​ള്ള എ​ല്ലാ ക​ലാ​കാ​രന്മാ​ർ​ക്കും കി​ട്ടി​യ വ​ലി​യൊ​ര​ടി​യാ​ണു കോ​വി​ഡ്. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തു വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഒ​രു പ​രി​പാ​ടി​യും ഇ​ല്ലാ​യി​രു​ന്നു.

ത​ട്ടീം മു​ട്ടി​യു​മൊ​ക്കെ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ക​ലാ​കാ​രന്മാർ​ക്കു വേ​റെ വ​രു​മാ​ന​മൊ​ന്നു​മി​ല്ല​ല്ലോ. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വേ​റെ യാ​തൊ​രു പ​ണി​യും അ​റി​യി​ല്ല.

കോ​വി​ഡ് വ​ന്ന​തോ​ടെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ മു​ട​ങ്ങി​. സം​ക്രാ​ന്തി നീ​ലി​മം​ഗ​ല​ത്തു വാ​ട​ക​യ്ക്കാ​ണു താ​മ​സം. വീ​ടു വ​യ്ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലി​രു​ന്ന​താ​ണ്. ഒ​രു യു​എ​സ്എ ട്രി​പ്പു​ണ്ടാ​യി​രു​ന്നു; ര​ണ്ടു മൂ​ന്ന് ഗ​ൾ​ഫ് പ​രി​പാ​ടി​ക​ളും.

പിന്നെ, നാ​ട്ടി​ൽ കു​റേ ഓ​ണ​പ്പ​രി​പാ​ടി​ക​ളു​ം. എ​ല്ലാ​കൂ​ടി മ​ന​സി​ൽ ക​ണ്ടാ​ണ് വീടുപണി തു​ട​ങ്ങി​യ​ത്. സം​ക്രാ​ന്തി​യി​ൽ വാ​ങ്ങി​യ മൂ​ന്ന​ര സെ​ന്‍റി​ൽ ത​റ വ​രെ കെ​ട്ടി​. പ​ക്ഷേ, കൊ​റോ​ണ വ​ന്ന് എ​ല്ലാം തൂ​ത്തു​വാ​രി​ക്കൊ​ണ്ടു​പോ​യി​ല്ലേ!

വീ​ട്ടു​കാ​ര്യ​ങ്ങ​ൾ

വീ​ട്ടി​ൽ ഉ​മ്മ​, ഭാ​ര്യ​, മൂ​ന്നു മക്കൾ. ഉ​മ്മ
ഐ​ഷാ​ബീ​വി. ഭാ​ര്യ ഫാ​ത്തി​മ. മൂ​ത്ത മ​ക​ൾ
നാ​ഷ്്മിൻ. ര​ണ്ടാ​മ​ത്തെ മ​ക​ൾ നി​ഷാ​ന. ഇരുവരും വി​വാ​ഹി​ത​ർ. മരുമക്കൾ അനീഷും അജ്മലും. പ്ല​സ് ടു​വി​നു ശേ​ഷം ഗ്രാ​ഫി​ക്സ് കോ​ഴ്സ് ക​ഴി​ഞ്ഞു നിൽക്കുകയാണ് മ​ക​ൻ നാ​ഷിൻ.

Related posts

Leave a Comment