കോട്ടയം: റോഡരികില്‍ മാലിന്യങ്ങള്‍ സംഭരിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂടകള്‍ നിറഞ്ഞ് കവിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. തദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പാലിറ്റികളുമാണ് റോഡരികില്‍ കുപ്പിയുടെ ആകൃതിയിലും കമ്പി നെറ്റ് ഉപയോഗിച്ചും കൂടകള്‍ സ്ഥാപിച്ചിരിക്കുന്നത്.
വേസ്റ്റുകള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാനും ഇപ്പോള്‍ സംവിധാനമുണ്ട്. വീടുകളിലെ വേസ്റ്റ് ഹരിതകര്‍മ സേനാംഗങ്ങള്‍ എത്തി സംഭരിക്കാറുണ്ടെങ്കിലും എല്ലാവിധ മാലിന്യങ്ങളും കൊണ്ടുപോകാറില്ല. ഈ സാഹചര്യത്തിലാണ് പൊതുനിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇത്തരം കൂടകളെ ജനങ്ങള്‍ ആശ്രയിക്കുന്നത്. മിക്കയിടത്തും കൂടകളെല്ലാം നിറഞ്ഞ് പുറത്തേക്ക് മാലിന്യങ്ങളെത്തുന്ന നിലയിലാണ്.
കൂടകള്‍ നിറഞ്ഞതോടെ ആളുകള്‍ ഇതിനു സമീപം മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. കടകള്‍ക്കു സമീപം പ്രധാന കവലകളില്‍ മാലിന്യക്കൂടകള്‍ നിറഞ്ഞിരിക്കുന്നത് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടിട, ഗാര്‍ഹിക മാലിന്യങ്ങളും സമീപത്ത് കൂടിക്കിടക്കുകയാണ്.
കൃത്യമായി അധികൃതര്‍ വേസ്റ്റുകള്‍ നീക്കം ചെയ്യണമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥ. മഴക്കാലമായതോടെ ഇതില്‍ വെള്ളംവീണ് രോഗാണുക്കളുടെ ഉറവിടമായി ഇവിടം മാറുകയാണ്. പലയിടത്തും ദുര്‍ഗന്ധം വമിക്കുന്നുമുണ്ട്. എത്രയും വേഗം റോഡരികിലെ വേസ്റ്റ് സംഭരണ കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
