Set us Home Page

അന്നു കുഞ്ഞുമായി ചെറുതോണി പാലത്തിലൂടെ കുതിച്ചുപാഞ്ഞു ! ഇന്ന് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ജീവിതങ്ങളെ രക്ഷപ്പെടുത്താന്‍ പുത്തുമലയില്‍; കനയ്യകുമാര്‍ കനിവിന്റെ ആള്‍രൂപം…

രൗദ്രരൂപം പൂണ്ടുവന്ന മലവെള്ളപ്പാച്ചിലിനെ കൂസാതെ പിഞ്ചുകുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് ചെറുതോണി പാലത്തിലൂടെ കുതിച്ചുപാഞ്ഞ യുവാവിനെ ഓര്‍മയില്ലേ ? കേരളീയരെല്ലാം ശ്വാസമടക്കി കണ്ട ആ രംഗങ്ങളിലെ നായകന്‍ കനയ്യകുമാര്‍ കഴിഞ്ഞ മൂന്നു ദിവസമായി പുത്തുമലയിലാണ്. അവിടെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജീവന്റെ തുടിപ്പിനായി പരതുകയാണ്. ദേശീയ ദുരന്ത നിവാരണസേനയുടെ നാലാം ബറ്റാലിയന്‍ അംഗമായി ചെന്നൈ ആര്‍ക്കോണത്തുനിന്നാണ് ഇത്തവണ കനയ്യ കേരളത്തില്‍ വീണ്ടുമെത്തിയത്. ബിഹാര്‍ സ്വദേശിയാണ്. കനയ്യയുടെ നേതൃത്വത്തിലാണു പുത്തുമലയിലെ 3 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്നു പുറത്തെടുത്തത്.

നൂറ്റാണ്ടിലെ പ്രളയം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷവും, ചെറുതോണിയിലെ സ്‌കൂള്‍ കുട്ടികള്‍ കനയ്യയെയും അദ്ദേഹത്തിന്റെ വീരഗാഥയും മറന്നിട്ടില്ല. അവര്‍ക്ക് അയാള്‍ ‘സൂപ്പര്‍മാന്‍’ ആണ്. അതിന്റെ കാരണം കനയ്യ കുട്ടിയുമായി ചെറുതോണി പാലത്തിന് കുറുകെ ഓടുന്നതിന്റെ വിഖ്യാതമായ ചിത്രം സൂക്ഷിച്ചുനോക്കിയാല്‍ മനസിലാകും: കനയ്യ ധരിച്ചിരിക്കുന്നത് സൂപ്പര്‍മാന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പ്, നീല ഉടുപ്പുകളായിരുന്നു. 2018 ഓഗസ്റ്റ് 10, വാഴത്തോപ്പ് പഞ്ചായത്തിലെ ആലിന്‍ചുവട് ഭാഗത്തുള്ള കാരയ്ക്കാട്ട് പുത്തന്‍പുര വീട്ടിലെ വിജയരാജ് – മഞ്ജു ദമ്പതികളുടെ മകന്‍ സൂരജിനെയും കയ്യിലേന്തിയാണ് അന്നു കനയ്യ ഓടിയത്. പനി ബാധിച്ചു വിറയ്ക്കുന്ന കുഞ്ഞിന്റെ രക്ഷ മാത്രമായിരുന്നു അപ്പോള്‍ കനയ്യയുടെ മനസ്സില്‍. ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടര്‍ തുറക്കുന്നതിനു നിമിഷങ്ങള്‍ മുന്‍പായിരുന്നു ജീവന്‍ പണയംവച്ചുള്ള ആ ഓട്ടം. അക്കരെനിന്നു കുട്ടിയുമായി കുത്തൊഴുക്കും കടന്ന് കനയ്യകുമാര്‍ ഓടിക്കയറിയത് മലയാളി ഹൃദയത്തിലേക്കായിരുന്നു.

ഇപ്പോള്‍ നാല് വയസ്സുള്ള സൂരജ് എല്‍കെജി വിദ്യാര്‍ഥിയാണ്. അച്ഛന്‍ വിജയരാജ് കെട്ടിട നിര്‍മാണ സൈറ്റുകളില്‍ സഹായിയായി പോകുന്നയാളാണ്. വിജയരാജും മഞ്ജുവും ആ ദിവസം ഇന്നെന്നു പോലെ ഓര്‍ക്കുന്നു. ‘കുട്ടിക്ക് കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു, പെട്ടെന്ന് ആ ദിവസം ശ്വാസംമുട്ടലും തുടങ്ങി. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നില്ല’ മഞ്ജു പറയുന്നു. ‘ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും അന്നു തുറക്കുമെന്നാണ് പറഞ്ഞിരുന്നത്. അതു കാണാന്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ 11 മണിയായിട്ടും തുറക്കാത്തതിനാല്‍ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ചെന്നു.

അപ്പോഴാണ് കുട്ടിക്ക് പനി കൂടിയെന്ന് അറിയുന്നത്. കുട്ടിയുമായി പാലത്തിന്റെ സമീപമെത്തിയപ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചു. രണ്ടു മിനിറ്റിനുള്ളില്‍ രണ്ടു എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ എന്റെയടുത്തെത്തി – കനയ്യയും കൃപാല്‍ സിങ്ങും. സെക്കന്‍ഡുകള്‍ കൊണ്ട് ഞങ്ങള്‍ പാലത്തിനപ്പുറമെത്തി’ വിജയരാജ് പറയുന്നു.

ജീവിതത്തിലെ ആ അസുലഭ നിമിഷത്തെക്കുറിച്ച് പറയുമ്പോള്‍ കനയ്യയ്ക്കും നൂറുനാവാണ്. ‘ കേരളത്തില്‍ ജോലിക്കെത്തിയ ആദ്യ ദിനമായിരുന്നു അന്ന്. ചെറുതോണി പാലത്തിനിപ്പുറം നില്‍ക്കുമ്പോള്‍ മറുവശത്ത് കുട്ടിയുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ടു. എന്തോ പ്രശ്‌നമുണ്ടെന്നു മനസ്സിലായി. കുട്ടിക്ക് പനിയുണ്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഞങ്ങളുടെ അടുത്തു നില്‍ക്കുന്ന പൊലീസുകാരന്‍ പറഞ്ഞു. ഞാന്‍ എന്റെ സീനിയറോട് അനുവാദം ചോദിച്ചശേഷം മറുവശത്തേക്ക് ഓടി. കുട്ടിയെ അച്ഛന്റെ കയ്യില്‍ നിന്നു വാങ്ങിച്ച ശേഷം തിരിച്ച് ഓടാന്‍ തുങ്ങി. ഭയപ്പെടാതെ എന്നെ പിന്തുടരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഒരു കുട തുറന്ന ശേഷം കുട്ടിയെ എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു’ -കനയ്യ പറഞ്ഞു.

ആ ഒരൊറ്റ സംഭവം കൊണ്ട് സൂപ്പര്‍ഹീറോയായെങ്കിലും അതില്‍ മതിമറക്കാനൊന്നും കനയ്യയ്ക്ക് സമയമില്ല.വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിടത്ത് രക്ഷപ്രവര്‍ത്തനവുമായി കര്‍മനിരതനാണ് അദ്ദേഹം. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് ഇത്തവണ കേരളത്തില്‍ കാണുന്നതെന്നും ഒരു ജീവനെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണു തങ്ങളെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS