പുതിയ അതിഥിയെ സന്തോഷപൂര്‍വം വരവേല്‍ക്കാം; ചില പുതുവര്‍ഷ വിശേഷങ്ങളിലൂടെ..

ഓരോ പുതുവര്‍ഷവും കടന്നുവരുന്നത് ഓരോ ശുഭപ്രതീക്ഷകളുമായാണ്. പുതിയ വര്‍ഷം തങ്ങള്‍ക്ക് സമൃദ്ധിയുടേതാകുമെന്ന പ്രതീക്ഷയോടെയാണ് ഒരോ മനുഷ്യരും പുതുവര്‍ഷ പുലരിയെ വരവേല്‍ക്കുന്നത്. പുതുവര്‍ഷരാവില്‍ ലോകമെമ്പാടും ആഘോഷങ്ങള്‍ നടക്കുന്നു. ലോകത്തിലെ പല വമ്പന്‍ നഗരങ്ങളും സംഗീതവും കരിമരുന്നു പ്രയോഗവും കൊണ്ട് സമൃദ്ധമായ പുതുവര്‍ഷ ലഹരിയില്‍ മുങ്ങുന്നു. പഴയ വസ്ത്രം ഉപേക്ഷിച്ച പുതിയവ ധരിക്കുന്ന ഒരു കൊച്ചു കുട്ടിയ്ക്കുണ്ടാവുന്ന ആത്മഹര്‍ഷത്തിലായിരിക്കും ലോകം മുഴുവന്‍ പുതുവര്‍ഷാഘോഷത്തില്‍ ഒന്നുചേരുക. ഗ്രിഗോറിയന്‍ കലണ്ടറിലെ അവസാന ദിവസമാണ് പുതുവര്‍ഷ രാവായി ആഘോഷിക്കുന്നത്.

ആദ്യം പുതുവര്‍ഷം പിറക്കുന്നത്…

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിരിതിമതി അഥവാ ക്രിസ്മസ് ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക. ലോകത്തിലെ ഏറ്റവും വലിയ പവിഴദ്വീപായ ക്രിസ്മസ് ദ്വീപ് അന്താരാഷ്ട്ര സമയക്രമത്തില്‍ മുമ്പിലായതിനാലാണിത്. ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡിനാണ് പുതുവര്‍ഷം ആദ്യം ആഘോഷിക്കുന്ന പ്രധാന നഗരങ്ങളില്‍ ഒന്നാം സ്ഥാനം. പിന്നെ ദക്ഷിണാര്‍ധഗോളത്തിലെ രാജ്യങ്ങളൊന്നൊന്നായി പുതുവര്‍ഷത്തെ വരവേല്‍ക്കും. ഹോണോലുലു,ഹവായി,അഡാക്, അലാസ്‌ക തുടങ്ങിയ പ്രദേശങ്ങളാണ് ഏറ്റവും അവസാനമായി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവര്‍.

ഏറ്റവും വലിയ ന്യൂ ഇയര്‍ ആഘോഷം

ബ്രസീലിലെ റിയോഡി ഷാനേറോ, ഓസ്‌ട്രേലിയയിലെ സിഡ്‌നി, ലണ്ടന്‍,ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഇതില്‍ തന്നെ റിയോയിലെ കോപ്പാ കബാനാ ബീച്ചാണ് ഏറ്റവും വലിയ ആഘോഷത്തിന് വേദിയാവുക. രണ്ടു ദശലക്ഷം ആളുകളാണ് പുതുവര്‍ഷ രാവില്‍ റിയോയിലെ ബീച്ചുകളില്‍ എത്തുന്നത്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ ഇഴചേരലാണ് ഓരോ പുതുവര്‍ഷ രാവും. പ്രാദേശിക ഗോത്ര ദേവതകളെ ആരാധിക്കുന്ന ചടങ്ങുകളും ബ്രസീലിന്റെ പുതുവര്‍ഷത്തെ മോടിപിടിപ്പിക്കുന്നു.

റിയോ കഴിഞ്ഞാല്‍ പുതുവര്‍ഷ ആഘോഷക്കണക്കില്‍ സിഡ്‌നിയാണ് കേമന്‍. ലോകത്തിലെ ഏറ്റവും കെങ്കേമമായ കരിമരുന്ന് പ്രയോഗം നടക്കുന്നത് ഇവിടെയാണ്. ഒന്നര ദശലക്ഷം ആളുകളാണ് ഇവിടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. എകദേശം നാലു ദശലക്ഷം ഡോളറാണ് കരിമരുന്ന് പ്രയോഗത്തിനായി സിഡ്‌നിയില്‍ ചിലവാക്കുന്നത്. 30,000 തരത്തിലുള്ള കരിമരുന്ന് വൈവിധ്യങ്ങളാണ് സിഡ്‌നിയുടെ ആകാശത്ത് പൊട്ടി വിടരുന്നത്. ലണ്ടനിലും ന്യൂയോര്‍ക്കിലും ഇതിനു സമാനമായ ആഘോഷങ്ങളാണ് നടക്കുന്നത്.

”നിങ്ങളുടെ ദുശ്ശീലങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും നിങ്ങളുടെ അയല്‍ക്കാരോട് സ്‌നേഹത്തിലായിരിക്കുകയും ചെയ്യുകയാണെങ്കില്‍ എല്ലാ പുതുവര്‍ഷവും നിങ്ങളെ കൂടുതല്‍ മെച്ചപ്പെട്ടവനാക്കും” ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ പുതുവര്‍ഷത്തെക്കുറിച്ച് പറഞ്ഞതാണിത്. അതിഥിയും ആതിഥേയനും തമ്മിലുള്ള സ്‌നേഹം പോലെയാണ് പുതുവര്‍ഷവുമായി നമുക്കുള്ള ബന്ധമെന്ന് എയ്‌സ്‌കിലസ് പറയുന്നു.

എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍…

 

Related posts