ന്യൂഇയര്‍ വിശേഷങ്ങള്‍! ബ്രസീല്‍ മുതല്‍ സ്‌പെയിന്‍ വരെ; 10 വ്യത്യസ്ത ന്യൂഇയര്‍ ആഘോഷങ്ങള്‍;

Newsyear

ജാതി-മത-ദേശ ഭേദമില്ലാതെ എല്ലാവരും പങ്കുചേരുന്ന ഏക ആഘോഷം പുതുവര്‍ഷപ്പിറവിയാണ്. ഓരോ ദേശത്തിനനുസരിച്ച് ആഘോഷത്തിന്റെ രീതി മാറുമെന്നു മാത്രം. പോയവര്‍ഷത്തിന്റെ ദുഖവുംസന്തോഷവും നല്‍കുന്ന ഓര്‍മകളെ തത്കാലത്തേക്കെങ്കിലും ആളുകള്‍ മറക്കുന്നു. വരാനിരിക്കുന്ന നല്ലവര്‍ഷത്തേക്കുറിച്ചുള്ള  സ്വപ്‌നങ്ങളുമായാണ് ആളുകള്‍ പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്നത്. ആഗോള ജനതയ്ക്ക് പ്രതീക്ഷയുടെ പുതുനാമ്പു നല്‍കിക്കൊണ്ടാണ് ഓരോ പുതുവര്‍ഷവും കടന്നുവരുന്നത്. ലോകത്തെ വിവിധ രാജ്യത്തെ പുതുവര്‍ഷ വിശേഷങ്ങള്‍ അറിയാം…

1. ബ്രസീല്‍

നിങ്ങള്‍ക്ക് ദുരാത്മാക്കളില്‍ നിന്നു രക്ഷനേടണമോ എങ്കില്‍ നിങ്ങള്‍ ന്യൂഇയര്‍ രാവില്‍ വെള്ള വസ്ത്രങ്ങള്‍ ധരിക്കണം. ബ്രസീലിലെ പ്രധാന ന്യൂഇയര്‍ ചടങ്ങുകളിലൊന്നാണിത്. ഏഴു കടല്‍ത്തിരമാലകള്‍ക്കു മുകളിലൂടെ ചാടുകയാണ് മറ്റൊന്ന് ഓരോ ചാട്ടവും ആഴ്ചയിലെ ഓരോ ദിവസത്തിനു വേണ്ടിയാണ്. ഇതോടൊപ്പം കടലിലേക്ക് പുഷ്പങ്ങളും എറിയണം. ന്യൂഇയര്‍ രാവില്‍ ബ്രസീലിലെ കടല്‍തീരങ്ങളിലെ പതിവു കാഴ്ചയാണിത്.

2. ചിലി

അര്‍ധരാത്രിയില്‍ ഒരു സ്പൂണ്‍ ലെന്റില്‍സ്( ഒരുതരം പയര്‍) കഴിക്കുക ചിലിയിലെ പതിവാണ്. കൂടാതെ ഷൂസിനകത്ത് പണം നിക്ഷേപിക്കുകയും ചെയ്യും. വരുന്ന 12 മാസങ്ങള്‍ സമൃദ്ധിയുടേതായിരിക്കാനാണിത്. വലിയ ധീരന്മാര്‍ തങ്ങളുടെ കാമുകിയുടെ കൂടെ ശ്മശാനത്തിലായിരിക്കും ന്യൂഇയര്‍ ആഘോഷിക്കുന്നത്.

3. ക്യൂബ

നിങ്ങള്‍ക്ക സഞ്ചാര താത്പര്യമുള്ളവരാണോ, എങ്കില്‍ പുതുവര്‍ഷത്തിലേക്കുള്ള മണി മുഴങ്ങുമ്പോള്‍ ഒരു സ്യൂട്ട്‌കേസുമെടുത്ത് വീടിനെ വലം വയ്ക്കണം. ഇങ്ങനെ ചെയ്താല്‍ പുതുവര്‍ഷത്തില്‍ യാത്ര ചെയ്യാനുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കും എന്നാണ് ക്യൂബക്കാരുടെ വിശ്വാസം. വീടു തൂത്തുവാരുന്നതും ജനാലയില്‍ വെള്ളമൊഴിക്കുന്നതും ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസവും ക്യൂബക്കാര്‍ വച്ചുപുലര്‍ത്തുന്നു.

4. ഡെന്‍മാര്‍ക്ക്

പുതുവര്‍ഷ രാവില്‍ പ്ലേറ്റുകളും ഗ്ലാസുകളും വീടിന്റെ ഭിത്തിയില്‍ എറിഞ്ഞു പൊട്ടിച്ചാണ് ഡാനിഷ് ജനത സുഹൃത്തുക്കളോടും അയല്‍ക്കാരോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇവരുടെ വിശ്വാസം. ഒരു കസേര ഇട്ട് അതിനു മുകളില്‍ കയറി നില്‍ക്കുകയും പുതുവര്‍ഷം പിറന്നു കഴിയുമ്പോള്‍ അതില്‍ നിന്നിറങ്ങുകയും ചെയ്യുന്നതും ഇവരുടെ രീതിയാണ്.

5. ഇക്വഡോര്‍

ഇക്വഡോറിലെ ന്യൂഇയര്‍ ആഘോഷം പുതുമ നിറഞ്ഞതാണ്.  രാഷ്ട്രീയക്കാരുടെയോ തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെയോ പാവകള്‍ക്ക് അര്‍ധരാത്രിയില്‍ തീ കൊളുത്തിയാണ് അവര്‍ ആഘോഷം തുടങ്ങുന്നത്. കഴിഞ്ഞ കാലത്തെ നെഗറ്റീവ് എനര്‍ജി അകന്നു പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. പനാമ, പരഗ്വായ്, കൊളംബിയ എന്നിവിടങ്ങളിലും സമാനമായ ആഘോഷമുണ്ട്. ന്യൂഇയര്‍ രാവില്‍ വീടിന്റെ പല ഭാഗത്തായി പണം ഒളിപ്പിച്ചു വയ്ക്കുന്നത് പുതുവര്‍ഷത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നും അവര്‍ വിശ്വസിക്കുന്നു.

6. ജര്‍മനി

ന്യൂഇയറില്‍ തേയില ഇലയുപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി രൂപം അറിയാന്‍ ജര്‍മന്‍കാര്‍ സഹായിക്കും. അതിനായി ഒരു സ്പൂണില്‍ അല്‍പം ഈയം ഉരുക്കി തണുത്തവെള്ളത്തിലേക്ക് ഒഴിക്കുക ഈയം ഉറയുമ്പോള്‍ ലഭിക്കുന്നതാണ് നിങ്ങളുടെ ഭാവിരൂപം. ഡിന്നര്‍ ഫോര്‍ വണ്‍ എന്ന ബ്ലാക് ആന്‍ഡ് വൈറ്റ് കോമഡി ടിവിഷോ ജര്‍മന്‍കാര്‍ക്ക് ഒഴിവാക്കാനാവാത്തതാണ്. ഏറ്റവുമധികം ആവര്‍ത്തിക്കപ്പെട്ട ടിവി ഷോ എന്ന ഗിന്നസ് റിക്കാര്‍ഡും ഇതിനാണ്.

7. ഗ്രീസ്

ന്യൂഇയര്‍ കരോളാണ് ഗ്രീസിലെ പ്രധാന ആഘോഷങ്ങളിലൊന്ന്. കുട്ടികള്‍ പാട്ടു പാടുമ്പോള്‍ കുടുംബാംഗങ്ങളും അയല്‍ക്കാരുമെല്ലാം അവര്‍ക്ക് പണം നല്‍കുന്നു. അതിനുശേഷം ന്യൂഇയറിലേക്കുള്ള കൗണ്ട് ഡൗണ്‍ തുടങ്ങും ആളുകള്‍ ലൈറ്റുകള്‍ അണച്ച് പുതിയ കണ്ണില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കും. അടുത്തത് വാസിലോപിറ്റ എന്ന കേക്കു തിന്നുന്നതാണ്. ഒരു നാണയമോ സമാനമായ ചെറിയ വസ്തുക്കളോ കേക്കില്‍ ഒളിപ്പിച്ചു വയ്ക്കും. ആര്‍ക്കാണോ നാണയമുള്ള കഷണം കിട്ടുന്നത് അയാള്‍ക്ക് അടുത്ത വര്‍ഷം ഭാഗ്യം കൈവരുമെന്നാണ് ഇവരുടെ വിശ്വാസം.

8. ജപ്പാന്‍

ജപ്പാനിലെ ബുദ്ധമതക്കാരുടെ പുതുവര്‍ഷ ആഘോഷങ്ങളില്‍ രാശിചക്രത്തിന് വലിയ സ്ഥാനമാണുള്ളത്. ഓരോ വര്‍ഷവും ഓരോ മൃഗത്തിന്റെ വര്‍ഷമായായി കണ്ടാണ് ആളുകള്‍ ആഘോഷിക്കുന്നത്. കൂടാതെ പുതുവര്‍ഷ രാത്രിയിലെ ക്ഷേത്ര സന്ദര്‍ശവും ഇവിടെ പതിവാണ്. അര്‍ധ രാത്രിയില്‍ ക്ഷേത്രത്തിലെ മണി 108 തവണ മുഴക്കും. കഴിഞ്ഞ വര്‍ഷത്തെ അസ്യാസ്ഥ്യങ്ങളെല്ലാം മാറി വീടു ശുദ്ധിയാകാന്‍ ഇതു പ്രധാനമാണ്. അങ്ങനെ പുതുവര്‍ഷത്തില്‍ ശുദ്ധമായൊരു ജീവിതം തുടങ്ങാനും സാധിക്കുന്നു.

9. ഹോളണ്ട്

കാര്‍ബൈഡ് ഷൂട്ടിംഗ് ഡച്ചുകാരുടെ ഒരു പ്രധാന നവവത്സരാഘോഷമാണ്. പാല്‍ പാട്ടകളില്‍ വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തീ കൊളുത്തി വിടുന്ന ഒരു പരിപാടിയാണിത്. പല നഗരങ്ങളിലും ഇത് വിലക്കിയിട്ടുണ്ടെങ്കിലും സാഹസികരായ കൗമാരക്കാര്‍ പാരമ്പര്യത്തിന്റെ ഭാഗമായി ഇന്നും ഇത് തുടരുന്നു. മറ്റൊരാഘോഷമാണ് ന്യൂ ഇയര്‍ ഡൈവ്. തണുത്തുറഞ്ഞ വടക്കന്‍ സമുദ്രത്തിലൂടെ ആയിരക്കണക്കിനു സാഹസികര്‍ അര്‍ധ നഗ്നരായി നീന്തുന്നതാണ് ഈ പരിപാടി. ഇതിനായി മാത്രം ഹോളണ്ടിലെത്തുന്ന ആളുകള്‍ നിരവധിയാണ്.

10. സ്‌പെയിന്‍

സ്‌പെയിനിലും സ്പാനിഷ് സംസാരിക്കുന്ന മറ്റു രാജ്യങ്ങളിലും നിലനില്‍ക്കുന്ന ആചാരമാണ് അര്‍ധരാത്രിയിലെ മുന്തിരിതീറ്റ. ഓരോ മണി മുഴങ്ങുമ്പോഴും ഓരോ മുന്തിരി വീതമാണ് കഴിക്കേണ്ടത് അങ്ങനെ 12 മുന്തിരി ആകെ കഴിക്കണം. പുതുവര്‍ഷത്തിലെ ഓരോ മാസവും നല്ല ഭാഗ്യം കൈവരാനായാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്.

Related posts