എനര്‍ജി, എംസി സ്‌ക്വയറിന് തുല്യമല്ല. എംസി സ്‌ക്വയറിന് തുല്യമാകാന്‍ എനര്‍ജിക്ക് സാധിക്കില്ല! ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ കണ്ടുപിടുത്തം തെറ്റാണെന്ന വാദവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന് കേള്‍ക്കുമ്പോഴേ ആളുകളുടെ മനസില്‍ ഓടി വരുന്ന ഒരു സമവാക്യമാണ് E=mc² എന്നത്. ശാസ്ത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ആ സമവാക്യം ലോകത്തിലാകമാനം വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച ഒന്നാണ്. അതില്‍ ചെറുതായിപ്പോലും മാറ്റങ്ങള്‍ വരുത്താന്‍ പിന്നീടു വന്ന ഒരു ശാസ്ത്രഞ്ജനും കഴിഞ്ഞിട്ടുമില്ല.

എന്നാല്‍ ഇപ്പോഴിതാ ആ സമവാക്യത്തിന് വെല്ലുവിളി ഉയര്‍ത്തി ഒരു വ്യക്തി രംഗത്തെത്തിയിരിക്കുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ വിഖ്യാത സമവാക്യം തെറ്റാണെന്ന വാദവുമായി എത്തിയിരിക്കുന്നതാകട്ടെ, വിവാദ ആള്‍ദൈവം നിത്യാനന്ദയും. ഇതിനെക്കുറിച്ച് നിത്യാനന്ദ നടത്തുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് നിത്യാനന്ദ പുതിയ കണ്ടു പിടുത്തത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. എനര്‍ജി, എംസി സ്‌ക്വയറിന് തുല്യമല്ല. എംസി സ്‌ക്വയറിന് തുല്യമാകാന്‍ എനര്‍ജിക്ക് സാധിക്കില്ല എന്നാണദ്ദേഹം വാദിക്കുന്നത്.

മാംസാഹാരികളുടെ തലച്ചോറിനെ സംബന്ധിച്ച് ഇന്റന്‍സിറ്റിയും കണ്ടിന്യൂവിറ്റിയും വ്യത്യസ്തമാണ്. അവര്‍ക്കതിനെ ഉയര്‍ച്ച താഴ്ചകളായി മാത്രമേ കാണാന്‍ കഴിയൂ. ഒരു സസ്യാഹാരിയുടെ തലച്ചോറിന് മാത്രമേ ഇവയുടെ അനുഭവം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയൂ. എന്നിങ്ങനെയാണ് നിത്യാനന്ദ തന്റെ കണ്ടു പിടിത്തത്തെ കുറിച്ച് വിവരിച്ചത്.

ഒരു പ്രത്യേകതരം മാമ്പഴം കഴിച്ചാല്‍ സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ സാധിക്കുമെന്നും ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് പെണ്‍ മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്നും തുടങ്ങി നിരവധി വിവാദപരമായ പ്രസ്താവനകളും മുമ്പും നടത്തിയിട്ടുള്ള വ്യക്തിയാണ് സ്വാമി നിത്യാനന്ദ. ട്രോളുകളുടെ പെരുമഴയാണ് അന്നും ഇന്നും ലഭിക്കുന്നതും.

Related posts