മങ്കൊന്പ്: ജൂലൈ 2 വൈകുന്നേരം വൈഎംസിഎ സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ കാവാലത്തെത്തിയ റെജി ചെറിയാന് എംഎല്‍എ തിരക്കിട്ട് മടങ്ങുന്നതിനിടെ, നിവേദനവുമായെത്തിയ തങ്കമണിയമ്മക്കു ലഭിച്ചത് കരുതലിന്റെ സ്വാന്തനം. കോഴിച്ചാല്‍ വടക്ക് പാടശേഖരപ്രദേശമായ കിഴക്കേചേന്നങ്കരിയിലെ വെള്ളക്കെട്ട് ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നുള്ള, വനിതകളുടെ നിവേദനവുമായാണ് തങ്കമണിയമ്മ എംഎല്‍എയുടെ പക്കലെത്തിയത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളം പൊങ്ങുമ്പോഴെല്ലാം നിയന്ത്രിത പമ്പിങ്ങിനെ കുറിച്ചുള്ള അധികാരികളുടെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും, സാധാരണക്കാരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ദുരിതങ്ങള്‍ തുടരുന്നതിനെ കുറിച്ചാണ് അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്.
തിരക്കെല്ലാം മറന്ന റെജി ചെറിയാന് അമ്മയെ ചേര്‍ത്തുനിര്‍ത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. നിവേദനം കൈപ്പറ്റി വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് എംഎല്‍എ മടങ്ങിയത്.
റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്ത യോഗത്തിൽവച്ച് മെറിറ്റ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി.
വൈഎംസിഎ നാഷണൽ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ജോൺ, കപ്പൂച്ചിൻ ആശ്രമ സുപ്പീരിയർ ഫാ. വർഗീസ് സിറാഫ്, കെ.ടി. ചെറിയാൻ, ബേബി ചെറിയാൻ, ജോസ് കോയിപ്പള്ളി, സണ്ണി തോമസ്, റോജോ ജോസഫ്, ലിയോ ജോസഫ്, അലക്സ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക കുടിവെള്ളവിതരണം, റോഡു നിർമാണം, പൊതുഗതാഗതം,വികസനപദ്ധതികളുടെ പൂർത്തീകരണം,വെള്ളക്കെട്ടു ദുരിതനിവാരണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയുച്ചുകൊണ്ടുള്ള നിവേദനങ്ങളും എംഎൽഎയ്ക്കു സമർപ്പിച്ചു.
