തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം നേതാവ് തോമസ് ഐസക്ക്. താന്‍ പറഞ്ഞത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖയിലുള്ള കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മാത്രം അഭിപ്രായമല്ല താന്‍ പറഞ്ഞതെന്നും എല്ലാ ഘടകങ്ങളും ചര്‍ച്ച ചെയ്ത കാര്യങ്ങളാണ് രേഖയായി പാര്‍ട്ടി അംഗീകരിച്ച് രേഖയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്തം ജനത്തിനെന്നു പറയുന്നതു ശരിയാണോ? പറയാത്ത കാര്യങ്ങൾ പറഞ്ഞ് വിവാദം വേണ്ടെന്നും തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞു. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ പിണറായി വിജയന് നടത്തിയ റാലികളില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം ജനങ്ങള്‍ക്ക് പറ്റിയ തെറ്റാണെന്നാണ് അഭിപ്രായപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ കണ്ണൂരിൽ നടത്തിയ പരാമർശങ്ങളെ അപ്പാടെ തള്ളിക്കൊണ്ടാണ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പ്രസംഗിച്ചത്. പാർട്ടിപ്രവർത്തകരും ജനങ്ങളും തെറ്റുതിരുത്തി മുന്നോട്ടു വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന പിണറായി വിജയന്റെ പരാമർശത്തിനെതിരേ ഇതാദ്യമായാണ് ഒരു മുതിർന്ന നേതാവ് പരസ്യമായി പ്രതികരിക്കുന്നത്.
ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് തെരഞ്ഞെടുപ്പു തോൽവിയെന്നും സഹകരണ സംഘങ്ങളിലെ അഴിമതിയും കഴിഞ്ഞ പത്തുവർഷക്കാലത്തെ സ്വജനപക്ഷപാതപരമായ നടപടികളും താൻപോരിമയുമൊക്കെ തോൽവിക്കു കാരണങ്ങളായി എന്നൊക്കെയായിരുന്നു ഐസക്കിന്റെ വിമർശനം. ഇതൊക്കെ മാറ്റി ജനങ്ങൾക്കൊപ്പം നിന്നാൽ തിരിച്ചുവരവു സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
13 മുതൽ 15 വരെ കോഴിക്കോട് ചേരുന്ന പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ കൂടുതൽ നേതാക്കൾ പിണറായിക്കെതിരേ വിമർശനവുമായി രംഗത്തെത്താൻ സാധ്യതയുണ്ട്. ഇതുകൂടി മുന്നിൽ കണ്ടാണു തോമസ് ഐസക് പാർട്ടി പ്രവർത്തകർ മാത്രമുള്ള വേദിയിൽ പിണറായിയെ പരോക്ഷമായി വിമർശിച്ചത്.
