പല വിമാനത്താവളങ്ങളിലും യാത്രികര്‍ക്ക് നാമമാത്ര പരിശോധന മാത്രം ! അന്യസംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു…

കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കിയപ്പോള്‍ വിശാഖപട്ടണമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും പരിശോധന നാമമാത്രം.

നിരവധി മലയാളികളാണ് ഇത്തരത്തില്‍ വിദേശത്തു നിന്ന് അന്യസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങുന്നത്.

നാട്ടിലേക്കു മടങ്ങാന്‍ അവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് ബസ് അടക്കമുള്ള പൊതു ഗതാഗത മാര്‍ഗങ്ങളാണ്. വിദേശത്തുനിന്ന് എത്തിയശേഷം നിശ്ചിത ദിവസങ്ങള്‍ ക്വാറന്റീന്‍ ചെയ്യാതെ കേരളത്തിലേക്ക് എത്തുന്നവരില്‍ കോവിഡ് ബാധിതരുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ക്വലാലംപുര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ബുധനാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചിരുന്നു.

കോവിഡ്19 വ്യാപനം തടയുന്നതിനായി ബുധനാഴ്ച വൈകിട്ട് 5.30 മുതലാണ് അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്.

പല രാജ്യങ്ങളില്‍ നിന്നായി ക്വാലലംപുര്‍ വിമാനത്താവളത്തില്‍ എത്തി അവിടെ കുടുങ്ങിപ്പോയവര്‍ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തി. ഡല്‍ഹി, വിശാഖപട്ടണം വിമാനത്താവളങ്ങളിലാണ് ഇവരെ എത്തിച്ചത്.


എന്നാല്‍ വിശാഖപട്ടണം വിമാനത്താവളത്തില്‍ ശരീര ഊഷ്മാവ് പരിശോധിച്ച് വ്യക്തിവിവരങ്ങളും ശേഖരിച്ച് മറ്റു യാതൊരു നടപടികള്‍ കൂടാതെ ഇവരെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കുകയാണ് ചെയ്തത്.

വിദേശത്തു നിന്നെത്തുന്നവരെ നിര്‍ബന്ധമായും ക്വാറന്റീന്‍ ചെയ്യണമെന്ന നിര്‍ദേശം നിലവിലിരിക്കെയാണ് ബസുകളിലും ടാക്‌സി കാറുകളിലും മറ്റുമായി ഇത്തരം യാത്രക്കാര്‍ കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. മൂന്നു ബസുകളിലായി നൂറോളം പേരാണ് ചെന്നൈയിലേക്ക് പുറപ്പെട്ടത്.

വിശാഖപട്ടണം മുതല്‍ ചെന്നൈ വരെയുള്ള അറുനൂറിലേറെ കിലോമീറ്റര്‍ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനും എടിഎമ്മില്‍ നിന്നു പണമെടുക്കാനുമെല്ലാം ഇവര്‍ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.

ഇതിലൂടെ പലരുമായും സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യമാണുള്ളത്. കൂടാതെ കേരളത്തിലേക്കുള്‍പ്പെടെ പോകേണ്ടവര്‍ ചെന്നൈയില്‍നിന്ന് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്.

ഇവരില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ ഒപ്പം യാത്ര ചെയ്തവര്‍ക്കും ഇവര്‍ പോയ ഇടങ്ങളിലുമുള്ളവര്‍ക്കും വൈറസ് പകരാന്‍ സാധ്യത വളരെക്കൂടുതലാണ്.

Related posts

Leave a Comment