കൊറോണ സ്‌പെഷ്യല്‍ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം ! ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടുംബാംഗങ്ങളെ കേരളത്തിലെത്തിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം വാഗ്ദാനം ചെയ്ത് പ്രവാസി; ഓഫര്‍ മെയ് 12 അര്‍ധരാത്രി വരെ മാത്രം…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ നിരവധി മലയാളികളാണ് ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്താനാവാതെ ദുരിതമനുഭവിക്കുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഭാര്യയെയും മകളെയും കേരളത്തില്‍ തിരികെയെത്തിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഒരു മലയാളി പ്രവാസി ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഏതെങ്കിലും വിധത്തില്‍ ഭാര്യയേയും മക്കളെയും നാട്ടിലെത്തിക്കാന്‍ സഹായിച്ചാല്‍ ഈ തുക നല്‍കാമെന്ന് ദുബായിലെ ഒരു ബിസിനസ്മാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

യുഎഇയില്‍ കെമിക്കല്‍ ബിസിസനസ് നടത്തുന്ന കെ.ആര്‍. ശ്രീകുമാര്‍ എന്നയാളുടേതാണ് പരസ്യമെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമ മാര്‍ഗ്ഗം ഉള്‍പ്പെടെയുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സാമൂഹ്യമാധ്യമത്തില്‍ എത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ പലയിടത്തായി പോയ കുടുംബാംഗങ്ങളെ ഒരുമിപ്പിക്കാനുള്ള വഴികളെല്ലാം അടഞ്ഞതോടെ മെയ് അഞ്ചാം തീയതി പരസ്യവുമായി ഫേസ്ബുക്കില്‍ എത്തുകയായിരുന്നു.

”എന്റെ കുടുംബത്തെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചാല്‍ 10 ലക്ഷം ഇനാം, ഈ ഓഫര്‍ മെയ്12 അര്‍ദ്ധരാത്രി വരെ മാത്രം” എന്നാണ് കുറിപ്പ്.

അതേസമയം സ്വദേശത്തേക്കുള്ള ഈ മടക്കി കൊണ്ടുവരല്‍ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തന്നെ വേണമെന്ന് നിഷ്‌ക്കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠിക്കുന്ന മൂത്തമകന്‍ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് പഠിക്കുന്നത്.

ഇളയമകനും ഭാര്യയും കര്‍ണാടകയിലെ മംഗലാപുരത്തും കുടുങ്ങിയിരിക്കുകയാണ്. ഇവരെയെല്ലാം ഒരുമിപ്പിച്ച് ആലപ്പുഴയിലെ വീട്ടിലേക്ക് എത്തിക്കുകയാണ് വേണ്ടത്.

ആരെങ്കിലും തയ്യാറായാല്‍ തന്നെക്കൊണ്ടു കഴിയാവുന്ന കാര്യവും ചെയ്തുതരാമെന്നും 10 ലക്ഷം പ്രതിഫലമായി നല്‍കാമെന്നും പോസ്റ്റില്‍ പറയുന്നു.

മൂത്തമകന്‍ 15,000 രൂപയ്ക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്ന് കാറ് ബുക്ക് ചെയ്ത് പോരാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പണം നഷ്ടമായി.

കേരളത്തിലെയും തമിഴ്നാട്ടിലെയും അനേകം രാഷ്ട്രീയക്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമെല്ലാം വിളിച്ചു. അവരെല്ലാം സഹായം ചെയ്യാമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

അതുകൊണ്ടാണ് വാഗ്ദാനവുമായി ഫേസ്ബുക്കില്‍ എത്തിയത്. അതേസമയം തന്നെ ഇതിനെ പബ്ളിസിറ്റി സ്റ്റണ്ട് അല്ലെന്നും കുടുംബത്തെ ഒരുമിപ്പിക്കാന്‍ കഴിയാത്തതിലെ നിരാശ തേടിയുള്ള സഹായ അഭ്യര്‍ത്ഥനയാണെന്നും പറയുന്നു.

നേരത്തെ വിമാനം വാടകയ്ക്ക് എടുത്ത് ഇവരെ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നുവെന്നും എന്നാല്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

Related posts

Leave a Comment