തിരുവനന്തപുരം: ഛത്തീസ്ഗഡില് അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിന് ആത്മാര്ഥമായി ഇടപെടുന്നതു ബിജെപി മാത്രമാണെന്നു കേന്ദ്രമന്ത്രി ജോര്ജ് കുര്യന്. ബാക്കിയുള്ളവര് അവരെ ജയിലിലിടാനാണു ശ്രമിക്കുന്നത്.
ഛത്തീസ്ഗഡിലെ കോണ്ഗ്രസ് എംപി ഈ വിഷയത്തില് പ്രതികരിച്ചോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിര്ദേശാനുസരണം അനൂപ് ആന്റണി ഛത്തീസ്ഗഡിലെ വിഷയത്തില് കന്യാസ്ത്രീകളുടെ മോചനത്തിനായി പരിശ്രമിക്കുകയാണ്.
ഛത്തീസ്ഗഡിലെ ഭരണകൂടവുമായി നല്ല ബന്ധമുള്ളയാളാണ് അനൂപ് ആന്റണിയെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള് പൂര്ത്തിയാക്കാതെ നല്കിയതുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയതെന്നും അതില് വീഴ്ച വരുത്തിയത് ആരെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.
ഛത്തീസ് ഗഡിലെ വിഷയം യാഥാര്ഥ്യം എന്താണെന്ന് ക്രൈസ്തവരെ ബോധ്യപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്ത്തകരുടെ ചോദ്യങ്ങള്ക്കുമറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.