എല്ലാ മതങ്ങളെയും തുല്യനിലയില്‍ കാണുന്നതാണ് എന്റെ രീതി ! എന്റെ പേരു മാറ്റാന്‍ ആരും വരണമെന്നില്ല;മത മൗലിക വാദികള്‍ക്ക് ചുട്ട മറുപടിയുമായി നുസ്രത് ജഹാന്‍ എംപി

ദുര്‍ഗാ പൂജയില്‍ പങ്കെടുത്തതിന് തന്നെ വിമര്‍ശിച്ച മതമൗലിക വാദികള്‍കള്‍ക്ക് ചുട്ട മറുപടിയുമായി നുസ്രത് ജഹാന്‍ എംപി. ദുര്‍ഗാപൂജ ആഘോഷത്തിനിടെ നൃത്തം ചെയ്തതിന്റെ പേരില്‍ മതവും പേരും മാറ്റണമെന്ന് ആവശ്യപ്പെട്ട മതപണ്ഡിതനു മറുപടിയായി തനിക്കു പേരിട്ടവര്‍ക്കേ അതു മാറ്റാന്‍ അവകാശമുള്ളൂ എന്നാണ് നുസ്രത്ത് വ്യക്തമാക്കിയത്.

‘ഞാന്‍ ദുര്‍ഗാ ദേവിയെ ആരാധിച്ചു എന്നത് സത്യമാണ്. മതമൈത്രിക്കു വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തത്. അതിന്റെ പേരില്‍ പേര് മാറ്റാനോ മതം മാറാനോ തയാറല്ല. ബംഗാളില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് എന്റേതായ രീതികളുണ്ട്. എല്ലാ മതങ്ങളെയും തുല്യനിലയില്‍ കാണുന്നതാണ് എന്റെ രീതി. എല്ലാ മതങ്ങളുടെയും ആഘോഷങ്ങളില്‍ പങ്കെടുക്കുക എന്നതാണ് ബംഗാളിന്റെ തനതു സംസ്‌കാരം. ഞാനും അതു തന്നെയാണ് ചെയ്യുന്നത്’ നുസ്രത് പറയുന്നു.

ഭര്‍ത്താവ് നിഖില്‍ ജെയിനൊപ്പമാണ് നുസ്രത്ത് ദുര്‍ഗാപൂജയില്‍ പങ്കെടുത്തത്. ചടങ്ങില്‍ നുസ്രത്ത് നൃത്തം ചെയ്യുകയും സിന്ദൂരമണിയുകയും ചെയ്തിരുന്നു. ഇത് ഇസ്ലാമിന് നിരക്കാത്തതാണെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഇത്തേഹാസ് ഉലമ ഇഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി ആസാദ് കാസ്മി രംഗത്തു വന്നിരുന്നു. നുസ്രത് ജഹാന്റെ നടപടി ഇസ്ലാമിനെ അപമാനിക്കലാണെന്നും ഈ മനോഭാവമുള്ളവര്‍ ഇസ്ലാം വിട്ടു പോകേണ്ടതാണെന്നും കാസ്മി പറഞ്ഞിരുന്നു. നുസ്രത്തിന്റെ നൃത്തം ഭര്‍ത്താവ് നിഖില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Related posts